‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’



ന്യൂഡൽഹി: പ്രതിപക്ഷത്തെയും പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും ഒരുപേലെ ചൊടിപ്പിച്ച് ദുബൈയിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം. എന്നാൽ, വിവാദത്തിന് മുഖം കൊടുക്കാതെ അകന്നു നിൽക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലവനാണ്.

‘നിങ്ങൾ ജയ് ഷായോടും അദ്ദേഹത്തിന്റെ പിതാവിനോടും ഈ ചോദ്യം ചോദിക്കണം, കാരണം പാകിസ്താനുമായി കളിക്കുകയില്ല എന്ന് ഏറ്റവും കൂടുതൽ തവണ പറഞ്ഞത് അവരാണ്. ഇപ്പോൾ മത്സരം സംഘടിപ്പിക്കുന്നതും അവരാണ്. സർക്കാറും അവരാണ്. അതിനാൽ, ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും’ -ഏപ്രിലിൽ നടന്ന ഭീകരാക്രമണത്തിനുശേഷം പാകിസ്താനുമായുള്ള ആദ്യ കായിക മത്സരത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ/ഐ.സി.സി ബഹുരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ രാജ്യങ്ങൾ പങ്കെടുക്കേണ്ടത് ഒരു നിർബന്ധിത ആവശ്യകതയാണെന്നാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ വാദം. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. മത്സരം ഉപേക്ഷിക്കേണ്ടിവരും. മറ്റേ ടീമിന് പോയിന്റുകൾ ലഭിക്കും. എന്നാൽ ഇന്ത്യ പാകിസ്താനുമായി ദ്വിരാഷ്ട്ര ടൂർണമെന്റുകൾ കളിക്കുന്നില്ല എന്നും താക്കൂർ വാദമുന്നയിച്ചു.

അതേസമയം, പഹൽഗാമിലെ ഇരയായ ശുഭം ദ്വിവേദിയുടെ വിധവയായ ഐഷാന്യ ദ്വിവേദി മൽസ​രത്തെ കടുത്ത വാക്കുകളിൽ എതിർത്തു. കളി ബഹിഷ്‌കരിക്കാൻ ഞാൻ ആളുകളോട് അഭ്യർഥിക്കുന്നു. ഒന്നോ രണ്ടോ ക്രിക്കറ്റ് കളിക്കാരൊഴികെ, പാകിസ്താനുമായുള്ള മത്സരം ബഹിഷ്‌കരിക്കണമെന്ന് പറയാൻ ആരും മുന്നോട്ടുവന്നില്ല. തോക്കിൻ മുനയിൽ നിർത്തി കളിക്കാൻ ബി.സി.സി.ഐക്ക് അവരെ നിർബന്ധിക്കാൻ കഴിയില്ല. അവർ അവരുടെ രാജ്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കണം’ എന്ന് അവർ പറഞ്ഞു.

‘ജയ് ഷാ ആരുടെ മകനാണ്? അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കൂ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ അവരുടെ വേദന അവസാനിച്ചിരിക്കാം. പക്ഷേ, രാജ്യം ഇപ്പോഴും വേദന അനുഭവിക്കുന്നു. എന്നാൽ, പണവും അധികാരവും വലിയ കാര്യങ്ങളാണ്’ എന്ന് ആർ.ജെ.ഡി എം.പി മനോജ് ഝാ പ്രതികരിച്ചു.

രക്തവും വെള്ളവും പാകിസ്താനിലേക്ക് ഒരുമിച്ച് ഒഴുക്കാൻ കഴിയില്ല. പക്ഷേ, വ്യക്തമായും രക്തവും ക്രിക്കറ്റും ഒരുമിച്ച് ഒഴുകും. പ്രത്യേകിച്ച് അമിത്ഷായുടെ ‘മെറിറ്റ്-ഒൺലി’ മകന്റെ ഭാഗ്യം അതിനെ ആശ്രയിച്ചിരിക്കുമ്പോൾ -തൃണമൂൽ എം.പി മഹുവ മൊയ്ത്ര ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു:

മത്സരത്തിനെതിരെ പ്രതിഷേധിച്ച് ശിവസേന (യു.ബി.ടി) പ്രധാനമന്ത്രി മോദിക്ക് സിന്ദൂരപ്പെട്ടികൾ അയക്കാൻ തീരുമാനിച്ചു. മത്സരം പ്രദർശിപ്പിക്കുന്ന ബാറുകളും ക്ലബ്ബുകളും ബഹിഷ്‌കരിക്കാൻ എ.എ.പി ആഹ്വാനം ചെയ്തു.



© Madhyamam