‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ



ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടത്തിന്‍റെ ടിക്കറ്റുകൾ വിറ്റഴിയുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. ഞായറാഴ്ച രാത്രി എട്ടിന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോക ക്രിക്കറ്റിലെ ചിരവൈരികൾ ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരം ബഹിഷ്കരിക്കാൻ സൈബറിടത്തിൽ ആഹ്വാനം കൊടുമ്പിരികൊള്ളുകയാണ്. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മത്സരത്തിന്‍റെ ടിക്കറ്റുകൾ ഇപ്പോഴും വിറ്റുതീർന്നിട്ടില്ല.

പഹൽഗാമിൽ 26 പേരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും യുദ്ധത്തിന്‍റെ വക്കോളമെത്തിയിരുന്നു. പിന്നാലെ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ആരാധകർ രംഗത്തെത്തി. മത്സരത്തിന് ബി.സി.സി.ഐ അനുമതി നൽകിയതോടെയാണ് ബഹിഷ്കരണ ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ സജീവമായത്. എന്നാൽ, ബഹിഷ്കരണ ആഹ്വാനമൊന്നും മത്സരത്തെ ബാധിക്കില്ലെന്നാണ് അക്തർ പറയുന്നത്. ‘ആവേശം അതിന്‍റെ കൊടുമുടിയിലാണ്. യുദ്ധാനന്തരം പാകിസ്താൻ ആദ്യമായി ഇന്ത്യയുമായി ഏറ്റുമുട്ടുകയാണ്. അതിനെ കുറിച്ച് ചിന്തിക്കു’ -അക്തർ പറഞ്ഞു. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഗാലറി നിറയാതിരിക്കാൻ ഒരു സാധ്യതയുമില്ല. ടിക്കറ്റ് വിറ്റഴിയുന്നില്ലെന്ന് ഒരാൾ പറഞ്ഞത്. എന്താണ് നിങ്ങൾ പറയുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ടിക്കറ്റെല്ലാം വിറ്റുപോയിട്ടുണ്ട്. ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് വളരെ ഉയർന്നതാണെന്നും അതുകൊണ്ടാകും ആവശ്യക്കാരില്ലാത്തതെന്നും മുൻ പാകിസ്താൻ നായകൻ ശുഐബ് മാലിക് പ്രതികരിച്ചു. ടൂർണമെന്‍റിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ടീം നായകൻ സൂര്യകുമാർ യാദവും പാകിസ്താൻ നായകൻ സൽമാൻ അലി ആഘയും പരസ്പരം ഹസ്തദാനം നടത്തിയതിനെ വിമർശിച്ചും ആരാധകർ രംഗത്തുവന്നിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ബി.സി.സി.ഐ പ്രതിനിധികൾ എത്തില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് മുമ്പ് നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതേ വേദിയിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ മുതിർന്ന ബി.സി.സി.ഐ പ്രതിനിധികളെല്ലാം എത്തിയിരുന്നു.

ഏഷ്യാ കപ്പിന് ഇത്തവണ ഇന്ത്യയാണ് വേദിയാകേണ്ടിയിരുന്നത്. എന്നാൽ പാക് ടീമിന്റെ മത്സരം ഇന്ത്യയിൽനിന്നു മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതോടെയാണ് ടൂർണമെന്റ് മുഴുവനായി യു.എ.ഇയിലേക്ക് മാറ്റിയത്. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും പാകിസ്താൻ ഇന്ത്യയിലെത്തില്ല. പകരം ശ്രീലങ്കയിലാകും ടീമിന്‍റെ മത്സരങ്ങൾ നടക്കുക.



© Madhyamam