
ന്യൂഡൽഹി: ഇന്ത്യൻ ടീമിലെ സീനിയർതാരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ദേശീയ ടീമിൽ ഇടം ഉറപ്പിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബി.സി.സി.ഐക്ക് നിലപാടില്ലെന്ന് വ്യക്തമാക്കി മുതിർന്ന അംഗം. ടെസ്റ്റ്, ട്വന്റി20 കരിയർ അവസാനിപ്പിച്ച് ഏകദിന ക്രിക്കറ്റിൽ മാത്രം തുടരുന്ന ഇതിഹാസ താരങ്ങൾ ദേശീയ ടീമിൽ കളിക്കണമെങ്കിൽ ആഭ്യന്തര ടൂർണമെന്റിൽ കളിച്ച് ശാരീരിക-മത്സരക്ഷമത പ്രകടിപ്പിക്കണമെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെയും വ്യക്തമാക്കിയതിനു പിന്നാലെയാണ് ബി.സി.സി.ഐ നിലപാട്.
ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുമെന്ന് രോഹിതും വിരാടും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റായ്പൂരിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടയിലാണ് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പ്രമുഖ കായിക പോർട്ടലിനോട് നിലപാട് വ്യക്തമാക്കിയത്. കോഹ്‍ലിയും രോഹിതും ആഭ്യന്തര മത്സരം കളിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടില്ലെന്നും, തീരുമാനം അവരുടേത് മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിജയ ഹസാരെ ട്രോഫി കളിക്കാനുള്ള തീരുമാനം കളിക്കാരുടേതാണെന്നും പറഞ്ഞു.
സീനിയർ താരങ്ങളെ ദേശീയ ടീമിൽ പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിലെ പങ്കാളിത്തം നിർബന്ധമല്ലെന്നാണ് ബി.സി.സി.ഐ ചട്ടമെന്ന് ബോധ്യപ്പെടുത്തുന്നതാണ് അംഗത്തിന്റെ വെളിപ്പെടുത്തൽ. അതേസമയമാണ് മികച്ച പ്രകടനം നടത്തുമ്പോഴും കോച്ചും സെലക്ടറും കോഹ്‍ലിക്കും രോഹിതിനും വിജയ് ഹസാരെ ഡ്യൂട്ടി കൂടി നിശ്ചയിക്കുന്നത്.
കോച്ചിന്റെയും ചീഫ് സെലക്ടറുടെയും സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇതു താരങ്ങളും വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ സന്നദ്ധത അറിയിച്ചത്.
ദേശീയ ടീമിൽ നിന്ന് പുറന്തള്ളാൻ ശ്രമിക്കുമ്പോഴും ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളിൽ ഉജ്വല പ്രകടനവുമായി മറുപടി നൽകുകയാണ് വിരാട് കോഹ്‍ലിയും രോഹിതും.
