മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യയിൽ തിരിച്ചെത്തി. നാലു മാസത്തെ ലണ്ടൻ ജീവിതത്തിനുശേഷമാണ് താരം നാട്ടിലെത്തിയത്. ഉടൻ തന്നെ വൈറ്റ് ബാൾ പരമ്പരക്കായി ആസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും.
ഡൽഹി വിമാനത്താവളത്തിലെത്തിയ മുൻ നായകൻ ആരാധകർക്ക് ഫോട്ടോയെടുക്കാനായി അൽപനേരം നിന്നുകൊടുത്തെങ്കിലും സെൽഫിയെടുക്കാനുള്ള അഭ്യർഥന നിരസിച്ചു. പിന്നാലെ കാറിൽ കയറി വേഗത്തിൽ താമസസ്ഥലത്തേക്ക് പോയി. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യ കിരീടം നേടിയതിനു പിന്നാലെയാണ് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും രണ്ടു മക്കളും ലണ്ടനിലേക്ക് പോയത്. ട്വന്‍റി20 ക്രിക്കറ്റിനു പിന്നാലെ മേയിൽ ടെസ്റ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച താരം നിലവിൽ ഇന്ത്യക്കായി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
ഈമാസം 15ന് രണ്ടു സംഘങ്ങളായാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പോകുന്നത്. ഒരു സംഘം രാവിലെയും രണ്ടാമത്തെ സംഘം വൈകീട്ടും. 19ന് പെർത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനുശേഷം ആദ്യമായി കോഹ്ലിയും രോഹിത് ശർമയും ഇന്ത്യക്കുവേണ്ടി കളിക്കുന്ന അന്താരാഷ്ട്ര മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഓസീസ് പരമ്പരക്ക്. ഇരുവരുടെയും ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട പലവിധ അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.
ഓസീസ് പര്യടനം ഇന്ത്യൻ ജഴ്സിയിൽ വെറ്ററൻ താരങ്ങളുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്‍റാകുമെന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടീമിൽ തുടരണമെന്നുണ്ടെങ്കിൽ അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫി കളിക്കണമെന്ന നിർദേശവും ബി.സി.സി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ലിസ്റ്റ് എ 50 ഓവർ ക്രിക്കറ്റ് വാർഷിക ടൂർണമെന്‍റാണ് വിജയ് സഹാരെ ട്രോഫി. ഡിസംബറിലാണ് ടൂർണമെന്‍റ് നടക്കുക. ഇരുവരും അതിന് തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ടീം ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2027 ക്ടോബര്‍-നവംബർ മാസങ്ങളിലാണ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ രാജ്യങ്ങൾ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.