‘യു ടേൺ’ അടിച്ച് കോഹ്‍ലി; സെലക്ടർമാരുടെ സമ്മർദത്തിന് വഴങ്ങി; 15 വർഷത്തിനു ശേഷം വിജയ് ഹസാരെ കളിക്കാനെത്തുന്നു



ന്യൂഡൽഹി: ഇന്ത്യൻ കുപ്പായത്തിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്ന സെലക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങി വിരാട് കോഹ്‍ലി. ഡിസംബർ 24ന് ആരംഭിക്കുന്ന ടൂർണമെന്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കളികാൻ സന്നദ്ധത അറിയിച്ചതായി ബി.സി.സി.ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റൊരു സീനിയർ താരം രോഹിത് ശർമ നേരത്തെ തന്നെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

15 വർഷത്തിനു ശേഷമാണ് വിരാട് കോഹ്‍ലി ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ കളിക്കാനെത്തുന്നത്.

ടെസ്റ്റും, ട്വന്റി20യും അവസാനിപ്പിച്ച കോഹ്‍ലിയും രോഹിതും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്ന കോഹ്‍ലി മത്സര ശേഷം ലണ്ടനിലുള്ള കുടുംബത്തിനടുത്തേക്ക് മടങ്ങും. തുടർന്ന് ടൂർണമെന്റിൽ ഭാഗമാവുന്നതിനായി ഇന്ത്യയിൽ തിരിച്ചെത്തും.

ഏകദിന ലോകകപ്പ് ഉൾപ്പെടെ പ്രധാന ചാമ്പ്യൻഷിപ്പുകൾ മുന്നിൽ നിൽക്കവെ, ബോർഡിനെയും സെലക്ടർമാരെയും വെല്ലുവിളിച്ച് മുന്നോട്ട് പോകേണ്ടന്ന ഉപദേശം ഉൾകൊണ്ടാണ് കോഹ്ലി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയ്യാറായത്.

ടെസ്റ്റ്, ട്വന്റി20 ടീമുകളിൽ നിന്ന് സീനിയർ താരങ്ങളെ പുകച്ചുചാടിച്ച കോച്ച് ഗൗതം ഗംഭീറിന്റെ വാശി തന്നെയാണ് എല്ലാവരും ആഭ്യന്തര മത്സരം കളിക്കണമെന്നതും. ദേശീയ ടീം തെരഞ്ഞെടുപ്പിൽ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുമെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ, കോച്ച് ഗംഭീർ കോക്കസിന്റെ തീരുമാനം. പതിറ്റാണ്ടിലേറെ കാലമായി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും മാറിനിൽക്കുന്ന സീനിയർ താരങ്ങളെ ചെറിയ മത്സരങ്ങളിലേക്ക് വലിച്ചിഴക്കുകയെന്നതു മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിമർശനം.

എല്ലാവരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമ്പോൾ ഒരു താരത്തിന് മാത്രമായി വിട്ടുവീഴ്ച നൽകാനാവില്ലെന്നതാണ് ബി.സി.സി.ഐ നിലപാട്. ഇക്കാര്യം കോഹ്‍ലിയെ ബോധ്യപ്പെടുത്തിയാണ് താരത്തെ വിജയ് ഹസാരെയിൽ കളിക്കാൻ സന്നദ്ധമാക്കിയത്.

അതേസമയം, നീണ്ട ഇടവേളക്കു ശേഷം കിങ് കോഹ്‍ലി ഡൽഹിയുടെ ഭാഗമാവുന്നതിന്റെ ആവേശത്തിലാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ.

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനുള്ള തീരുമാനം താരം അറിയിച്ചിട്ടുണ്ട്. എന്നാൽ, എത്ര മത്സരങ്ങളിൽ കളിക്കുമെന്ന് വ്യക്തമല്ല. സൂപ്പർ താരത്തിന്റെ സാന്നിധ്യം ഡൽഹി ഡ്രസ്സിങ് റൂമിന് കരുത്തായി മാറും -ഡി.സി.എ പ്രസിഡന്റ് രോഹൻ ജയ്റ്റ്ലി പറഞ്ഞു.

ഡിസംബർ 24ന് ബംഗളൂരുവിൽ ആന്ധ്രക്കെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.

കഴിഞ്ഞ ജനുവരിയിൽ രഞ്ജി ട്രോഫി കളിക്കാൻ വിരാട് കോഹ്‍ലിയെത്തിയപ്പോൾ ഗാലറികൾ നിറഞ്ഞു കവിഞ്ഞതിന്റെ ​ഓർമയിലാണ് സംഘാടകർ.



© Madhyamam