
ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ടൂർണമെന്റിൽ റെക്കോഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. യു.എ.ഇക്കെതിരായ നിർണായക മത്സരത്തിൽ 52 പന്തിൽ ഡബിൾ സെഞ്ച്വറി നേടിയ താരം, ലിസ്റ്റ് എ ക്രിക്കറ്റിലെ ഒട്ടനവധി റെക്കോഡുകളും സ്വന്തം പേരിലാക്കി.
ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറി, സെഞ്ച്വറി, 150 പ്ലസ് റൺസ്, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് ഉൾപ്പെടെയുള്ള റെക്കോഡുകളാണ് വൈഭവ് സ്വന്തമാക്കിയത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ് 53 പന്തിൽ 204 റൺസാണ് അടിച്ചെടുത്തത്. 28 സിക്സുകളാണ് താരം നേടിയത്. നാലു ഫോറും. സ്ട്രൈക്ക് റേറ്റ് 384. 15കാരൻ വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ യു.എ.ഇ ഉയർത്തിയ 250 റൺസ് വിജയം ലക്ഷ്യം വെറും 14.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150+ റൺസ് നേട്ടവും വൈഭവ് സ്വന്തമാക്കി. 40 പന്തിൽ 150 റൺസെടുത്ത് സ്വന്തം റെക്കോർഡ് തന്നെയാണ് താരം മറികടന്നത്. നേരത്തെ ബിഹാറിനായി 59 പന്തിൽ 150 റൺസ് നേടിയിരുന്നു.
അനായാസം പന്തുകൾ അതിർത്തി കടത്തിയ സൂര്യവംശി യു.എ.ഇ ബൗളിങ് നിരയെ കാഴ്ചക്കാരാക്കി. 16 പന്തിൽ അർധ സെഞ്ച്വറി നേടിയ താരം അടുത്ത 12 പന്തിൽ സെഞ്ച്വറിയിൽ എത്തി. ഏഴ് ഓവർ പൂർത്തിയാകുന്നതിന് മുമ്പുതന്നെ സെഞ്ച്വറി!. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും താരത്തിന്റെ പേരിലായി. 2023-24 സീസണിൽ സൗത്ത് ആസ്ട്രേലിയക്കായി ടാസ്മാനിയക്കെതിരെ 29 പന്തിൽ സെഞ്ച്വറി നേടിയ ആസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്ഗർക്കിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറികൾ
1. 52 പന്തുകൾ – വൈഭവ് സൂര്യവംശി, ഇന്ത്യ എ vs യുഎഇ (റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ്), 2026.
2. 103 പന്തുകൾ – ചാഡ് ബോവ്സ്, കാന്റർബറി vs ഒട്ടാഗോ (ഫോർഡ് ട്രോഫി), 2024.
3. 114 പന്തുകൾ – ഹാരി ബ്രൂക്ക്, ഇംഗ്ലണ്ട് vs ശ്രീലങ്ക (ഏകദിനം), 2026.
4. 114 പന്തുകൾ – ട്രാവിസ് ഹെഡ്, സൗത്ത് ഓസ്ട്രേലിയ vs ക്വീൻസ്ലാൻഡ് (മാർഷ് കപ്പ്), 2021-22.
5. 114 പന്തുകൾ – എൻ. ജഗദീശൻ, തമിഴ്നാട് vs അരുണാചൽ പ്രദേശ് (വിജയ് ഹസാരെ ട്രോഫി), 2022.
144 പന്തിൽ 130 റൺസെടുത്ത ഹർപ്രീത് സിങ് ഭാട്ടിയയാണ് യു.എ.ഇയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി അർഷാദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികൾ
1. 28 പന്ത് – വൈഭവ് സൂര്യവംശി, ഇന്ത്യ എ vs യുഎഇ, ദോഹ, 2026.
2. 29 പന്ത് – ജേക്ക് ഫ്രേസർ-മക്ഗർക്ക് (125), സൗത്ത് ഓസ്ട്രേലിയ vs ടാസ്മാനിയ, അഡ്ലെയ്ഡ്, 2023-24.
3. 31 പന്ത് – എബി ഡിവില്ലിയേഴ്സ് (149), ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇൻഡീസ്, ജോഹന്നാസ്ബർഗ്, 2014-15.
4. 32 പന്ത് – സാകിബുൽ ഗനി (128), ബിഹാർ vs അരുണാചൽ പ്രദേശ്, റാഞ്ചി, 2025-26.
5. 33 പന്ത് – ഇഷാൻ കിഷൻ (125), ജാർഖണ്ഡ് vs കർണാടക, അഹമ്മദാബാദ്, 2025-26.
