
ഹൈദരാബാദ്: ഐ.പി.എൽ സീസണിലേക്ക് ടീമുകൾ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ഒരു ചെന്നൈ സൂപ്പർ കിങ്സ് താരം.
ഗുജറാത്ത് ക്യാപ്റ്റൻ കൂടിയായ ഉർവിൽ പട്ടേലാണ് നായകവേഷത്തിൽ അരങ്ങേറിയ മത്സരത്തിൽ മിന്നൽ സെഞ്ച്വറിയുമായി ആരാധക മനം കവർന്നത്. 31 പന്തിൽ സെഞ്ച്വറി തികച്ച ഉർവിലിന്റെ ബാറ്റിങ് മികവിൽ ഗുജറാത്ത് ആദ്യ മത്സരത്തിൽ സർവീസസിനെ എട്ട് വിക്കറ്റിന് തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത സർവീസസിനെ ഒമ്പതിന് 182 റൺസിൽ ഒതുക്കിയതിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 12.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
37 പന്തിൽ 10 സിക്സറും 12 ബൗണ്ടറിയുമായി 119 റൺസെടുത്ത് പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ വിജയ ശിൽപിയായി. ഓപണിങിൽ കൂട്ടായെത്തിയ ആര്യ ദേശായ് (60) മികച്ച പിന്തുണ നൽകി. ജയിക്കാൻ പത്ത് റൺസ് മാത്രം ബാക്കിനിൽക്കെയാണ് ഗുജറാത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായത്.
ഐ.പി.എല്ലിൽ കഴിഞ്ഞ സീസൺ പകുതിയിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയ ഉർവിലിലെ ഇത്തവണയും ടീം നിലനിർത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ പ്രകടനം ചെന്നൈക്ക് ആത്മ വിശ്വാസം പകരുന്നതാണ്.
ട്വന്റി20 ഫോർമാറ്റിൽ അതിവേഗ സെഞ്ച്വറിയുടെ റെക്കോഡ് നിലവിൽ ഉർവി പട്ടേലിന്റെ പേരിലാണ്. 28 പന്തിലായിരുന്നു 2024ൽ ത്രിപുരക്കെതിരായ മത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി റെക്കോഡ് കുറിച്ചത്. 28 പന്തിലാൽ സെഞ്ച്വറിയുമായി അഭിഷേക് ശർമയാണ് രണ്ടാമത്. ഇപ്പോൾ, 31 പന്തിൽ സെഞ്ച്വറിയുമായി ഉർവിൽ മൂന്നാമത്തെ വേഗ സെഞ്ച്വറിയും തന്റെ പേരിലാക്കി.
