
മുംബൈ: എന്തൊരു നിസ്വാർത്ഥൻ ആണ് സഞ്ജു നിങ്ങൾ.. ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ നിർണായക പോരാട്ടത്തിൽ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിട്ടും വ്യക്തിഗത സ്കോറിനേക്കാൾ ടീമിന്റെ സ്കോറിങ്ങിന് മുൻഗണന നൽകി മലയാളി താരം സഞ്ജു സാംസൺ. സെഞ്ചുറിക്ക് വെറും 11 റൺസ് അകലെ നിൽക്കെ, സ്കോറിങ് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സഞ്ജു തന്റെ വിക്കറ്റ് ബലികഴിച്ചത്. ജീവൻമരണ പോരാട്ടമായിരുന്ന സൂപ്പർ 8-ൽ വിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, വാങ്കഡെയിലും അതേ ഫോം ആവർത്തിക്കുകയായിരുന്നു. 42 പന്തിൽ 89 റൺസെടുത്താണ് താരം മടങ്ങിയത്.
ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ 15 റൺസെടുത്തു നിൽക്കെ സഞ്ജു നൽകിയ അനായാസ ക്യാച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് കൈവിട്ടിരുന്നു. പിന്നീട് വാങ്കഡെ കണ്ടത് സഞ്ജുവിന്റെ അവിശ്വസനീയ ബാറ്റിങ് വിരുന്നാണ്. ഇംഗ്ലീഷ് പേസർമാരായ ആർച്ചറെയും സാം കറനെയും ജെയ്മി ഓവർടനെയും താരം നിഷ്കരുണം കടന്നാക്രമിച്ചു. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സറുകളുമാണ് ആ ഇന്നിങ്സിൽ പിറന്നത്. വിൽ ജാക്സിന്റെ പന്തിൽ പുറത്താകുമ്പോഴേക്കും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കുള്ള ട്രാക്കിൽ സഞ്ജു എത്തിച്ചിരുന്നു.
സെമിയിലെ വെടിക്കെട്ട് ഇന്നിങ്സിനിടെ രണ്ട് നിർണായക നാഴികക്കല്ലുകളും സഞ്ജു പിന്നിട്ടത്. 26 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു, ട്വന്റി 20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കി. 2007-ൽ ഓസ്ട്രേലിയക്കെതിരെ യുവരാജ് സിങ് നേടിയ 20 പന്തിലെ അർധസെഞ്ചുറിയാണ് ഒന്നാമത്. 2022 സെമിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഹാർദിക് പാണ്ഡ്യ നേടിയ 29 പന്തിലെ ഫിഫ്റ്റിയുടെ റെക്കോർഡാണ് സഞ്ജു തിരുത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്താനും സഞ്ജുവിനായി. 2016-ൽ ഇതേ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരെ കോഹ്ലിയും 89 റൺസാണ് നേടിയിരുന്നത്
രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം (18 പന്തിൽ 39) 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സഞ്ജു മടങ്ങിയത്. ശിവം ദുബെ (25 പന്തിൽ 43) കൂടി തിളങ്ങിയതോടെ ഇന്ത്യ 20 ഓവറിൽ 253/7 എന്ന കൂറ്റൻ സ്കോറിലെത്തി. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ദിവസങ്ങൾക്ക് മുൻപ് സിംബാബ്വെയ്ക്കെതിരെ നേടിയ 256 റൺസാണ് ഒന്നാമതുള്ളത്. ഈ കൂറ്റൻ സ്കോറിന്റെ ബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
