തിരുവനന്തപുരം : കെ.സി.എല്ലിൽ ട്രിവാന്‍ഡ്രം റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. തൃശൂര്‍ ടൈറ്റന്‍സിനോട് 11 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. അഹമ്മദ് ഇമ്രാന്റെയും (98) അക്ഷയ് മനോഹറിന്റെയും(52) അര്‍ധ സെഞ്ച്വറികളാണ് കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് രണ്ട് പന്ത് നേരിട്ടതും രസംകൊല്ലിയായി മഴയെത്തി. ഒരുമണിക്കൂറിന് ശേഷം മത്സരം പുനരാരംഭിച്ചതോടെ റോയല്‍സിന്റെ വിജയ ലക്ഷ്യം വി.ജെ.ഡി നിയമപ്രകാരം 12 ഓവറില്‍ 148 റണ്‍സായി നിശ്ചയിക്കപ്പെട്ടു. എന്നാല്‍ 12 ഓവറില്‍ 136 റണ്‍സ് എടുക്കാനെ റോയല്‍സിന് കഴിഞ്ഞുള്ളൂ.
ഗോവിന്ദ് ദേവ് പൈ (26 പന്തില്‍ 63), റിയ ബഷീര്‍(12 പന്തില്‍ 23) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. എം.ഡി. നിധീഷ് മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. വിജയത്തോടെ എട്ട് പോയൻറുമായി തൃശൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മറ്റൊരു മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ടോസ് നഷ്ടമായ കാലിക്കറ്റ്, ക്യാപ്റ്റൻ രോഹന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ (43 പന്തിൽ 94) നിശ്ചിത 20 ഓവറിൽ 249 റൺസെടുത്തപ്പോൾ സഞ്ജു സാംസണിന്റെ അഭാവത്തിൽ തിരിച്ചടിക്കാനിറങ്ങിയ ബ്ലൂ ടൈഗേഴ്സിന് 19 ഓവറിൽ 216 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്- 249/4 (20), കൊച്ചി ബ്ലൂ ടൈഗേഴ്സ്-216/10(20).
കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ കാലിക്കറ്റിനായി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്ക് വന്ന ക്യാപ്റ്റൻ രോഹനായിരുന്നു ഏറെ അപകടകാരി. കൊച്ചിയുടെ ബൗളർമാരെ ഓടി നടന്ന് അടിച്ച രോഹൻ,അഖിലിനെ ഡീപ് സ്ക്വയർ ലെഗിലേക്ക് പറത്തി 19ാം പന്തിൽ സീസണിലെ തന്റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി.
കേരളത്തിന്റെ വെടിക്കെട്ട് ബാറ്ററുടെ ബാറ്റിൽ നിന്ന് സിക്സർമഴ പെയ്തിറങ്ങിയതോടെ 8.2 ഓവറിൽ ടീം സ്കോർ നൂറ് കടന്നു. എന്നാൽ തൊട്ടുപിന്നാലെ സച്ചിൻ സുരേഷിനെ (22) വിക്കറ്റ് കീപ്പർ നിഖിൽ തോട്ടത്തിന്റെ കൈകളിലെത്തിച്ച് ആജീഷാണ് ഓപണിങ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ക്രീസിലെത്തിയ അജിനാസിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി അടിച്ചു തകർത്ത രോഹൻ സെഞ്ച്വറിക്ക് ആറ് റൺസകലെ ബാറ്റ് താഴെ വെക്കുകയായിരുന്നു. സ്പിന്നർ അഫ്രാദ് നാസറിനെ ഡീപ് മിഡ് വിക്കറ്റിൽ മുകളിലേക്ക് പറത്താൻ ശ്രമിച്ച രോഹനെ (94) വിനൂപ് മനോഹരൻ പിടിച്ച് പുറത്താക്കുകയായിരുന്നു. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്.
രോഹൻ മടങ്ങിയതോടെ മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച അജിനാസ്- അഖിൽ സ്കറിയ സഖ്യം സലി സാംസണെയും കൂട്ടരെയും നിലം തൊടിയിച്ചില്ല. 37 പന്തിൽ 96 റൺസാണ് ഇരുവരും ചേർന്ന് കാലിക്കറ്റിന്റെ അക്കൗണ്ടിലേക്ക് നൽകിയത്. സ്കോർ 226ൽ നിൽക്കെ അജിനാസിനെ (49) ആഷിഖും സൽമാൻ നിസാറിനെ (13) ജെറിനും പുറത്താക്കിയെങ്കിലും മനുകൃഷ്ണനെ (10*) കൂട്ടുപിടിച്ച് അഖിൽ സ്കറിയ (45*) കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ കാലിക്കറ്റിന്റെ പേരിൽ എഴുതി ചേർക്കുകയായിരുന്നു. ഈ സീസണിൽ സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ കൊല്ലത്തിനെതിരെ കൊച്ചി നേടിയ 237 റൺസാണ് ഇതോടെ പഴങ്കഥയായത്.
പനിയെ തുടർന്ന് സഞ്ജുവിന് ടീം വിശ്രമം അനുവദിച്ചതോടെ ഓപണിങ്ങിനിറങ്ങിയ വിനൂപ് മനോഹരനും മുഹമ്മദ് ഷാനുവും മിന്നൽ തുടക്കമാണ് നൽകിയത്. 3.1 ഓവറിൽ സ്കോർ 42 നിൽക്കെ പി. അൻഫലിന്റെ മനോഹരമായ ത്രോയിൽ വിനൂപ് മനോഹരൻ (36) റണ്ണൗട്ടായെങ്കിലും രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന മുഹമ്മദ് ഷാനുവും (53) കെ.ജെ രാകേഷും ചേർന്ന് (38) കടുവകൾക്ക് വീണ്ടും ജീവൻകൊടുക്കുകയായിരുന്നു. എന്നാൽ 10ാം ഓവറിൽ സ്കോർ 118 നിൽക്കെ ഷാനുവിനെ അഖിൽ സ്കറിയ പുറത്താക്കിയതോടെ കൊച്ചിയുടെ താളം തെറ്റി.
മുഹമ്മദ് ആഷിഖ് (38), ആൽഫി ഫ്രാൻസിസ് (18)എന്നിവരൊഴികെ മറ്റാർക്കും കാലിക്കറ്റ് ബൗളർമാരുടെ പന്തുകളുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. നാലോവറിൽ 37 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത അഖിൽ സ്കറിയയാണ് ബൗളിങ് നിരയിൽ തിളങ്ങിയത്. പി.അൻഫൽ, മനു കൃഷ്ണൻ എന്നിവർ രണ്ടുവിക്കറ്റും ഹരികൃഷ്ണൻ ഒരുവിക്കറ്റും വീഴ്ത്തി. കളിയിലെ താരമായി രോഹനെ കെ.സി.എ തെരഞ്ഞെടുത്തെങ്കിലും പുറത്താകാതെ 45 റൺസും നാലുവിക്കറ്റും വീഴ്ത്തിയ അഖിൽ സ്കറിയക്കൊപ്പം പുരസ്കാരം പങ്കിടാനായിരുന്നു രോഹന് താൽപര്യം. ഇതോടെ പ്ലയർ ഓഫ് ദ മാച്ച് പുരസ്കാരം ഇരുവരും ചേർന്ന് ഏറ്റുവാങ്ങി.