
രാജ്കോട്ട്: വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിനെത്തുടർന്ന്, ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് രംഗത്ത്. സുന്ദറിന് പകരക്കാരനായി ഒരു ഓഫ് സ്പിൻ ബൗളിംഗ് ഓപ്ഷൻ കൂടി വേണമെന്നത് ടീമിന് അനിവാര്യമായിരുന്നു. അഞ്ച് ബൗളർമാരുമായി മാത്രം കളിക്കുന്നത് റിസ്ക് ആണെന്നും ആറാം ബൗളറുടെ സേവനം ഉറപ്പാക്കാനാണ് ബദോനിയെ തിരഞ്ഞെടുത്തതെന്നും കോട്ടക് പറഞ്ഞു. ബാബ അപരാജിത്, റിയാൻ പരാഗ്, റിങ്കു സിങ് തുടങ്ങിയ പ്രമുഖ താരങ്ങളെ പരിഗണിക്കാതെ ബദോനിയെ ടീമിലെടുത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യ എ ടീമിനായി കളിച്ച ഏകദിന മത്സരങ്ങളിൽ ബദോനി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് കോട്ടക് ചൂണ്ടിക്കാണിച്ചു. എ ടീമിനായി ഏതാനും അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ലഖ്നോ സൂപ്പർ ജയന്റ്സിന് വേണ്ടി ഐ.പി.എല്ലിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും നിർണായക സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനും ബദോനിക്ക് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക എ, ആസ്ട്രേലിയ എ ടീമുകൾക്കെതിരായ മത്സരങ്ങളിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. മധ്യനിരയിൽ ബാറ്റ് ചെയ്യാനും നാലോ അഞ്ചോ ഓവർ ബൗൾ ചെയ്യാനും ശേഷിയുള്ള ബദോനി ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
ബദോനിയെ ടീമിലെത്തിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സ്വജനപക്ഷപാതം കാണിച്ചുവെന്ന ആരോപണം ശക്തമായതോടെയാണ് വിശദീകരണവുമായി മാനേജ്മെന്റ് രംഗത്തെത്തിയത്. 27 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 36.47 ശരാശരിയിൽ 693 റൺസാണ് ബദോനിയുടെ സമ്പാദ്യം. ഇതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 18 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. വാഷിങ്ടൺ സുന്ദർ ഒരു മികച്ച ഓൾറൗണ്ടറാണെന്നും, അദ്ദേഹത്തിന് പകരമായി ഒരു പാർട്ട് ടൈം ബൗളർ മാത്രമായ ബദോനിയെ എടുത്തത് ശരിയല്ലെന്നുമാണ് പലരുടെയും വാദം. ബാബ അപരാജിതിനെപ്പോലെ മികച്ച റെക്കോഡുള്ള താരങ്ങളെ അവഗണിച്ചതായും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു.
