ബംഗ്ലാദേശിനെതിരെ കടുത്ത നടപടിക്ക് ഐ.സി.സി; ജയ് ഷാ ദുബൈയിൽ; വിലക്കുമോ?



ദുബൈ: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ഉറപ്പിച്ച ബംഗ്ലാദേശിനെതിരെ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി).

വിഷയം ചർച്ച ചെയ്യാനായി ഐ.സി.സി ചെയർമാൻ ജയ് ഷാ ദുബൈയിലെത്തി. ഐ.സി.സി നൽകിയ 24 മണിക്കൂർ അന്ത്യശാസനം തള്ളിയ ബംഗ്ലാദേശ്, ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ മുഴുവൻ കളിക്കാരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ചേർന്ന് തീരുമാനമെടുത്തത്. തങ്ങളുയർത്തുന്ന സുരക്ഷാ ആശങ്കകൾ യഥാർഥമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നീതി കാണിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ആസിഫ് വ്യക്തമാക്കിയിരുന്നു.

വേദി മാറ്റ ആവശ്യം തള്ളിയതോടെ ഐ.സി.സിയുടെ സ്വതന്ത്ര തർക്ക പരിഹാര സമിതിയെ (ഡി.ആർ.സി) സമീപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐ.സി.സി, അംഗ രാജ്യങ്ങൾ, താരങ്ങൾ, ഓഫിഷ്യലുകൾ എന്നിവരുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം പരിഹരിക്കുന്ന ഒരു സ്വതന്ത്ര മധ്യസ്ഥ സമിതിയാണ് ഡി.ആർ.സി. ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ നിലവിൽ ഉയർന്ന റാങ്കിലുള്ള സ്കോട്ട്ലൻഡിനെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം യോഗത്തിലുണ്ടാകും. ലോകകപ്പ് വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ ഒരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിൽ വിലയിരുത്തിയിരുന്നു.

നിലവിലെ ഷെഡ്യൂൾ പ്രകാരംതന്നെ മത്സരങ്ങൾ നടക്കുമെന്നും കളി മാറ്റുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ആവശ്യം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ, ബംഗ്ലാദേശിന്‍റെ നാലു ഗ്രൂപ്പ് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. ആദ്യത്തെ മൂന്നു മത്സരങ്ങൾ കൊൽക്കത്തയിലും നാലാമത്തെ മത്സരം മുംബൈയിലും. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.



© Madhyamam