
ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ബി.സി.സി.ഐക്ക് തലവേദനയാകുന്നത് രണ്ട് താരങ്ങളുടെ ഫോമില്ലായ്മയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ പാടെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവരെ ഉൾപ്പെടുത്തിയാൽ വിമർശനമുയരും എന്നതിൽ സംശയമില്ല. എന്നാൽ ലോകകപ്പ് അടുത്തിരിക്കെ, ടീം പോളിച്ചുപണിയാനുള്ള സാധ്യത വിരളമാണ്. എന്നാൽ കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഫോം കണ്ടെത്താനാകാത്ത സൂര്യയെ ലോകകപ്പിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത മാസം ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരക്കുള്ള ടീമിനെ സെലക്ഷൻ കമ്മിറ്റി ശനിയാഴ്ച പ്രഖ്യാപിക്കും. ഇതേടീമിനെ തന്നെ ലോകകപ്പിന് നിലനിർത്താനാണ് സാധ്യത കൂടുതൽ. ഗില്ലിനൊപ്പം ഓപണിങ് സ്ലോട്ടിലേക്ക് യശസ്വി ജയ്സ്വാളിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജയ്സ്വാൾ കൂടി സ്ക്വാഡിൽ ഉൾപ്പെട്ടാൽ സഞ്ജു സാംസണെ പൂർണമായും ബെഞ്ചിലിരുത്താൻ മാനേജ്മെന്‍റ് മുതിർന്നേക്കും. ലോകകപ്പിനു പിന്നാലെ നിലവിൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ക്യാപ്റ്റനായ ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ട്വന്‍റി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്‍റിലും കിരീടമോഹവുമായാണ് കളത്തിലിറങ്ങാൻ തയാറെടുക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ, ഫെബ്രുവരി ഏഴിനാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ നെതർലൻഡ്സിനെ നേരിടുമ്പോൾ, ഇതേദിവസം തന്നെ വെസ്റ്റിൻഡീസ് -ബംഗ്ലാദേശ്, ഇന്ത്യ -യു.എസ്.എ പോരാട്ടങ്ങളുമുണ്ട്. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരക്കുന്നത്. ഗ്രൂപ്പ് എയിൽ നമീബിയ, നെതർലൻഡ്സ്, പാകിസ്താൻ, യു.എസ്.എ എന്നിവക്കൊപ്പമാണ് ഇന്ത്യ.
