ഇന്ത്യ-പാക് ഫൈനലിൽ ടോസിനിടെ അസാധാരണ സംഭവങ്ങൾ; രവിശാസ്ത്രി പാക് നായകനോട് സംസാരിച്ചില്ല, പകരമെത്തിയത് വഖാർ യൂനിസ്



ദുബൈ: ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ഫൈനലിൽ ടോസിന് ശേഷം കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം നൽകാതെ വിട്ടുനിന്നു. എന്നാൽ, ഇത്തവണ വിചിത്രമായ സംഭവം കൂടി ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയായി.

ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും രണ്ട് ബ്രോഡ്കാസ്റ്റര്‍മാരോടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയോട് സംസാരിച്ചപ്പോള്‍ പാക് നായകൻ സല്‍മാന്‍ അലി ആഗയോട് സംസാരിച്ചത് പാക് മുൻ പേസർ വഖർ യൂനിസായിരുന്നു. ഇങ്ങനെയൊരു രീതി പതിവില്ലെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റമെന്ന് സംഘാടകർ പ്രതികരിച്ചിട്ടില്ല.

ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഒരു അവതാരകൻ മാത്രമാണ് ടോസ് സമയത്ത് താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) തലവന്‍ കൂടിയായ മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തിലുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ഉപദേശത്തെത്തുടര്‍ന്ന് രണ്ട് വ്യത്യസ്ത ബ്രോഡ്കാസ്റ്റര്‍മാരെ നിയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം

ദുബൈ: ഏഷ്യ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 147 റൺസ് ദൂരം. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ​മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു.

ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു.

തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി.

ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.



© Madhyamam