അബൂദബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലങ്ക 14.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു.
അർധ സെഞ്ച്വറി നേടിയ ഓപ്പണർ പത്തും നിസങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ. താരം 34 പന്തിൽ ഒരു സിക്സും ആറു ഫോറുമടക്കം 50 റൺസെടുത്തു. കാമിൽ മിഷാര 32 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 46 റൺസെടുത്ത് പുറത്താകാതെ നിന്നു. കുശാൽ മെൻഡിസ് (ആറു പന്തിൽ മൂന്ന്), കുശാൽ പെരേര (ഒമ്പത് പന്തിൽ ഒമ്പത്), ദശുൻ ശാനക (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ചരിത് അസലങ്ക നാലു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹദി ഹസൻ രണ്ടും മുസ്താഫിസുർ റഹ്മാൻ, തൻസിം ഹസൻ ശാകിബ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ബംഗ്ലാദേശ് വൻ തകർച്ചയിൽനിന്ന് കരകയറിയാണ് 139ലെത്തിയത്. രക്ഷാപ്രവർത്തനം നടത്തി ജാകർ അലിയും (34 പന്തിൽ 41) ഷമീം ഹുസൈനും (34 പന്തിൽ 42) പുറത്താവാതെനിന്നു. സ്കോർ ബോർഡ് തുറക്കുംമുമ്പെ ബംഗ്ലാദേശ് ഓപണർമാരായ തൻസിദ് ഹസനെയും (ആറു പന്തിൽ പൂജ്യം) പർവേസ് ഹുസൈൻ ഇമോനെയും (നാലു പന്തിൽ പൂജ്യം) പുറത്താക്കി ലങ്കൻ ബൗളർമാരായ നുവാൻ തുഷാരയും ദുശ്മന്ത ചമീരയും. 1.4 ഓവറിൽ പൂജ്യത്തിന് രണ്ട് വിക്കറ്റ് വീണതോടെ ഇവർ തീർത്തും പതറി. അഞ്ചാം ഓവറിൽ തൗഹീദ് ഹൃദോയ് (8) മടങ്ങുമ്പോൾ സ്കോർ 11. മെഹ്ദി ഹസൻ (9) എട്ടാം ഓവറിലും പുറത്ത്. 38ൽ നാലാമനും തിരച്ചു കയറി. ലിറ്റൻ ദാസിന്റെ (26 പന്തിൽ 28) പോരാട്ടം പത്താം ഓവറിൽ അവസാനിച്ചു.