ഇന്ദോർ: വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഉയർത്തിയ 232 റൺസ് ലക്ഷ്യം 40.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇവർ മറികടന്നു. 89 പന്തിൽ 101 റൺസടിച്ച ഓപണർ തസ്മിൻ ബ്രിറ്റ്സിന്റെ ശതകവും സുനെ ലൂസിന്റെ (81 നോട്ടൗട്ട്) ബാറ്റിങ്ങുമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം ഒരുക്കിയത്. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി സ്പിന്നർ നോൻകുലുലെക്കോ മ്ലാബ ബൗളിങ്ങിലും മിന്നി. ടീമിന്റെ ആദ്യ ജയമാണിത്. രണ്ടിലും തോറ്റ ന്യുൂസിലൻഡ് പോയന്റ് പട്ടികയിൽ ഏറ്റവും അടിയിലാണ്.
ടോസ് നേടി ബാറ്റ് ചെയ്ത കിവി വനിതകൾ 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 98 പന്തിൽ 85 റൺസ് നേടി ക്യാപ്റ്റൻ സോഫി ഡിവൈൻ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ ഓപണർ ലോറ വാോൾവാർട്ടിനെ (14) നേരത്തേ നഷ്ടമായെങ്കിലും തസ്മിനും സുനെ ലൂസും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യം ന്യൂസിലൻഡിനെ മുന്നോട്ട് നയിച്ചു. സ്കോർ 185ലാണ് ബ്രിറ്റ്സ് മടങ്ങുന്നത്.