
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ കുറച്ചു മാസങ്ങളായി അപരിചിതനായ ഒരാളിൽ നിന്ന് ഗാംഗുലിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കത്തുകൾ ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ആരോ വ്യക്തിപരമായ വിരോധം തീർക്കാൻ അയക്കുന്ന കത്തുകളാണെന്ന് കരുതി തുടക്കത്തിൽ ഗാംഗുലിയും കുടുംബവും ഇതിനെ ഗൗരവമായി എടുത്തിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ കാര്യങ്ങൾ അവിടെക്കൊണ്ടും അവസാനിച്ചില്ല. സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും അടുത്തിടെ വീണ്ടും രണ്ട് കത്തുകൾ കൂടി ലഭിച്ചു. മുൻപ് അയച്ച കത്തുകളിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിലുള്ള ഭീഷണികളാണ് ഇതിൽ ഉള്ളത്. ഗാംഗുലി, ഭാര്യ ഡോണ, ഒപ്പം ജോലി ചെയ്യുന്ന ജീവനക്കാർ എന്നിവരുടെ ജീവനും സുരക്ഷക്കും ഭീഷണിയുയർത്തുന്ന തരത്തിലുള്ളതാണ് പുതിയ കത്തുകളെന്ന് പരാതി വ്യക്തമാക്കുന്നു.
വെറും അധിക്ഷേപങ്ങളിൽ നിന്ന് മാറി, വ്യക്തിസുരക്ഷയെയും ജീവനെയും നേരിട്ട് ബാധിക്കുന്ന തരത്തിലേക്ക് ഭീഷണി ഉയർന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ അടിയന്തരമായി പൊലീസ് ഇടപടെണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
എത്രയും വേഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും, ഭീഷണിക്ക് പിന്നിലുള്ളയാളെ കണ്ടെത്തി ഗാംഗുലിക്കും കുടുംബത്തിനും ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.
ബെഹളയിലുള്ള ഗാംഗുലിയുടെ വസതിയിലേക്ക് കൊറിയർ വഴിയാണ് ഈ കത്തുകൾ എത്തിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊറിയർ പാക്കറ്റിന്മേൽ ബെൽഘറിയ സ്വദേശിയായ അരുൺ കുമാർ എന്നയാളുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കത്തിൽ നൽകിയിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ‘ട്രൂകോളർ’ ആപ്പിലും ഇതേ പേര് തന്നെയാണ് കാണിച്ചത്. എന്നാൽ യഥാർത്ഥ അരുൺ കുമാർ തന്നെയാണോ ഈ കത്തുകൾക്ക് പിന്നിൽ, അതോ മുൻ ഇന്ത്യൻ ക്യാപ്റ്റനെ ഭയപ്പെടുത്താനായി മറ്റാരെങ്കിലും ഇയാളുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
