
മുംബൈ: രാജ്യത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുഛലിന്റെയും. എന്നാൽ, വിവാഹദിവസം രാവിലെ സ്മൃതിയുടെ പിതാവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെച്ചു. തൊട്ടടുത്ത ദിവസം പ്രതിശ്രുത വരനും ആശുപത്രിയിലായി. പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. പലാഷിന്റേതെന്ന പേരിൽ ഏതാനും സ്വകാര്യ ചാറ്റുകൾ പുറത്തുവന്നതോടെ പലവിധ കിംവദന്തികളും പരന്നു.
പലാഷ് സ്മൃതിയെ ചതിച്ചെന്നും അതാണ് വിവാഹം മാറ്റിവെക്കാൻ കാരണമെന്നും വാർത്തകൾ വന്നു. അപ്പോഴും സ്മൃതിയും പലാഷും അവരുടെ കുടുംബവും പ്രതികരിക്കാൻ തയാറായിരുന്നില്ല. സ്മൃതിയുടെ പിതാവും പലാഷും ആശുപത്രി വിട്ടിട്ടും വിവാഹത്തെ കുറിച്ച് ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് പലാഷ് ആദ്യമായി പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈ വിമാനത്താവളത്തിൽനിന്ന് മാതാവിനും കുടുംബത്തിനുമൊപ്പം പുറത്തേക്ക് വരുന്ന പലാഷിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കറുത്ത ഷർട്ടും ജാക്കറ്റും പാന്റും ധരിച്ച്, കൈയിൽ ഫോണും പുസ്തകവുമായാണ് പലാഷ് നടന്നുനീങ്ങുന്നത്.
സുരക്ഷാജീവനക്കാരുടെ അകമ്പടിയോടെയാണ് പലാഷും കുടുംബവും എത്തിയത്. പലാഷിന്റെ അമ്മ ആരോടോ സംസാരിക്കുന്നതും ദൃശ്യങ്ങളില് കാണാം. ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫർമാർ തിരക്കുകൂട്ടുമ്പോഴും നിശബ്ദനായാണ് പലാഷ് പുറത്തേക്ക് വരുന്നത്. എന്നാൽ, മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയാറായില്ല. കഴിഞ്ഞ 23നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. കൊറിയോഗ്രഫർ കൂടിയായ മറ്റൊരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലായിരുന്നു കിംവദന്തികൾ പ്രചരിച്ചത്. ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പലാഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. എന്നാൽ, പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഇന്ത്യൻ ടീമിലെ സഹതാരവും ഉറ്റ സുഹൃത്തുമായ ജമീമ റോഡ്രിഗസ് ആസ്ട്രേലിയയിൽ ആരംഭിച്ച വനിതാ ബിഗ് ബാഷ് ലീഗ് റദ്ദാക്കി മുംബൈയിൽ സ്മൃതിക്കൊപ്പം തുടരുകയാണ്. നവംബർ ഒമ്പതിന് ആരംഭിച്ച ഡബ്ല്യൂ.ബി.ബി.എൽ സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ പ്രധാന താരമാണ് ജമീമ. വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച മുംബൈയിൽ പറന്നെത്തിയ ഇവർ, വിവാഹ ദിനത്തിൽ കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞതോടെ ആസ്ട്രേലിയയിലേക്കുള്ള മടക്കം നീട്ടിവെക്കുകയായിരുന്നു.
