
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടർമാർ ശനിയാഴ്ച പ്രഖ്യാപിക്കും. ചെയർമാൻ അജിത് അഗാക്കറിന്റെ നേതൃത്വത്തിൽ സെലക്ടർമാർ ഓൺലൈനായാണ് യോഗം ചേരുക. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ നിന്ന് വൻമാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ് സൂചന.
പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തും. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും പേസർ മുഹമ്മദ് സിറാജും ടീമിലെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. അതോ ബൗളിങ് നിരയിൽ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് സെലക്ടർമാർ കൈകൊടുക്കുമോ. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന ഇഷാൻ കിഷനും ധ്രുവ് ജുറലും ടീമിലെത്തിയാൽ പന്തിനെ പരിഗണിക്കില്ല.
ഗൗതം ഗംഭീർ മുഖ്യ പരിശീലകനായതിനുശേഷം 2024 ജൂലൈ മുതൽ 2025 ഡിസംബർ വരെ പന്ത് ഒരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരായ ഗുവാഹതി ടെസ്റ്റിൽ പന്തിന്റെ ഷോട്ട് സെലക്ഷനിൽ വിമർശനമുയർന്നിരുന്നു. ട്വന്റി20 ലോകകപ്പ് വരുന്നതിനാൽ ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറക്കും വിശ്രമം നൽകാൻ സാധ്യതയുണ്ട്. ഹർഷിത് റാണക്കും അർഷ്ദീപ് സിങ്ങിനും വിശ്രമം നൽകിയാൽ മാത്രമാകും മുഹമ്മദ് സിറാജിനെ പരിഗണിക്കുക.
വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ നാല് മത്സരങ്ങളിലും സിറാജ് കളിച്ചിട്ടില്ല. അവസാന മൂന്നിൽ രണ്ടെണ്ണത്തിൽ ഹൈദരാബാദിനായി സിറാജ് കളിക്കാനിടയുണ്ട്. 2023 ലോകകപ്പ് വരെ സ്ഥിരം സാന്നിധ്യമായിരുന്ന സിറാജിനെ ഏകദിനങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കുകയായിരുന്നു. മുഹമ്മദ് ഷമി ബംഗാളിനായി എല്ലാ ഫോർമാറ്റിലും കളിക്കുന്നുണ്ടെങ്കിലും സെലക്ഷൻ കമ്മറ്റി കനിയുമോയെന്ന് ഉറപ്പില്ല.
ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമിലുള്ള സർഫറാസ് ഖാനും ദേവ്ദത്ത് പടിക്കലും ടീമിലിടം നേടാൻ അർഹരാണെങ്കിലും നിലവിൽ നാലാമനായും ഓപണറായും ‘ഒഴിവ്’ഇല്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ എന്നിവർ ടീമിൽ ഉറപ്പായതിനാൽ പടിക്കലിന് ഇനിയും കാത്തിരിക്കേണ്ടി വരും. ആഭ്യന്തര ക്രിക്കറ്റിൽ സർഫറാസ് ഖാൻ മിന്നിയെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദിന് തന്നെയാകും പരിഗണന.
