
നേപിയർ (ന്യൂസിലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്‍റെ ഷായ് ഹോപ്. നേപിയറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ 69 പന്തിൽ പുറത്താകാതെ നേടിയ 109 റൺസിന്‍റെ കരുത്തുറ്റ പ്രകടനത്തിലൂടെയാണ് വിൻഡീസ് താരം റെക്കോഡ് പുസ്തകത്തിൽ പേരുകുറിച്ചത്.
ഇന്ത്യയുടെ മുൻതാരം രാഹുൽ ദ്രാവിഡിനെയാണ് ഹോപ് പിന്നിലാക്കിയത്. ടെസ്റ്റ് കളിക്കുന്ന പത്ത് രാജ്യങ്ങളിലായി ഒമ്പത് ടെസ്റ്റ് പ്ലേയിങ് ടീമുകൾക്കെതിരെ ദ്രാവിഡ് ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. ദ്രാവിഡിന്‍റെ കാലത്ത് പത്ത് രാജ്യങ്ങൾ മാത്രമാണ് ടെസ്റ്റ് കളിച്ചിരുന്നത്. അദ്ദേഹം വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്താനും അയർലൻഡിനും ടെസ്റ്റ് പദവി ലഭിച്ചത്. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും ടെസ്റ്റ് കളിക്കുന്ന ഒമ്പതു രാജ്യങ്ങൾക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്.
കിവീസിനെതിരായ ഇന്നിങ്സിലൂടെ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കരീബിയൻ ബാറ്ററെന്ന ബ്രയൻ ലാറയുടെ റെക്കോഡിനൊപ്പമെത്താനും ഹോപിനായി. വിവിയൻ റിച്ചാർഡ്സിനു ശേഷം വേഗത്തിൽ 6000 ഏകദിന റൺസ് കണ്ടെത്തുന്ന താരവുമായി. വിവ് റിച്ചാർഡ്സ് 141 ഇന്നിങ്സിൽ 6000 പിന്നിട്ടപ്പോൾ, 142 ഇന്നിങ്സിലാണ് ഹോപിന്‍റെ നേട്ടം. 50.8 ശരാശരിയിൽ 6097 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 19 സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും ഉൾപ്പെടെയാണിത്. സെഞ്ച്വറികളുടെ എണ്ണത്തിൽ ലാറക്കൊപ്പം രണ്ടാമതാണ് ഹോപ്. 25 സെഞ്ച്വറിയടിച്ച ക്രിസ് ഗെയ്‍ലാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ള വിൻഡീസ് താരം.
അതേസമയം മഴ രസംകൊല്ലിയായ മത്സരത്തിൽ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്‍റെ സെഞ്ച്വറിക്കരുത്തിൽ 34 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് വിൻഡീസ് അടിച്ചെടുത്തത്. കിവികൾക്കായി നേഥൻ സ്മിത്ത് നാലും കൈൽ ജേമിസൻ മൂന്നും വിക്കറ്റുകൾ പിഴുതു. മറുപടി ബാറ്റിങ്ങിൽ ഡെവൺ കോൺവെയും (84 പന്തിൽ 90) രചിൻ രവീന്ദ്രയും (46 പന്തിൽ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തിൽ 39*), ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (15 പന്തിൽ 34*) എന്നിവരുടെ ഇന്നിങ്സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിൽ 2-0ന് മുന്നിലാണ് ന്യൂസിലൻഡ്.
