സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ ഇന്ത്യൻ പവർഹിറ്റർ, ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ അടിക്കുമോ? പരിശീലന വിഡിയോ വൈറൽ



മുംബൈ: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്‍റി20 പവർഹിറ്ററിൽനിന്ന് ബാറ്റിങ് തന്ത്രങ്ങൾ പഠിക്കുന്ന സഞ്ജുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സഹതാരങ്ങളായ അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, പ്രഭ്സിമ്രാൻ സിങ് എന്നിവരെല്ലാം യുവരാജിന്‍റെ ശിഷ്യന്മാരായിരുന്നു. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ട്വന്‍റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് സഞ്ജുവിന്‍റെ കഠിന പരിശീലനം. ഇതിനു മുന്നോടിയായി ന്യൂസിലൻഡിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയും കളിക്കുന്നുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡ് തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യക്കായി കളിക്കുന്നത്. ശുഭ്മൻ ഗില്ലിനെ സ്ക്വാഡിൽനിന്ന് ഒഴിവാക്കിയതോടെയാണ് പ്ലെയിങ് ഇലവനിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചത്. അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ് റോളിലേക്ക് സഞ്ജു തിരിച്ചെത്തും.

2024 ട്വന്‍റി20 ലോകകപ്പ് നേടിയ ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ റോളിൽ കളിച്ചിരുന്നത്. പ്രഥമ ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവരാജ്. ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്‍റെ ഒരോവറിൽ ആറു സിക്സുകൾ അടിച്ചുകൂട്ടിയ യുവരാജിന്‍റെ ബാറ്റിങ് വെടിക്കെട്ട് ഇന്നും ആരാധകരുടെ മനസ്സിൽ മായാതെയുണ്ട്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ 30 പന്തിൽ 70 റൺസും നേടിയിരുന്നു.

ഒടുവിൽ ഫൈനലിൽ പാകിസ്താനെ വീഴ്ത്തിയാണ് എം.എസ്. ധോണിയും സംഘവും ചാമ്പ്യന്മാരായത്. 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച യുവരാജ്, നിലവിൽ ഐ.പി.എൽ ടീമുകളുമായൊന്നും ചേർന്ന് പ്രവർത്തിക്കുന്നില്ല. യുവരാജിനു കീഴിൽ സഞ്ജു പരിശീലനം നടത്തുന്നതിൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ഈ ട്വന്‍റി20 ലോകകപ്പിൽ യുവരാജിനെ പോലെ സഞ്ജുവും ഒരോവറിൽ ആറു സിക്സടിക്കുമെന്നടക്കമുള്ള കമന്‍റുകൾ വിഡിയോക്കു താഴെ ആരാധകർ പങ്കുവെക്കുന്നുണ്ട്.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി രണ്ടു മത്സരം കളിച്ച സഞ്ജു, ഒരു സെഞ്ച്വറിയും നേടി. ഇഷാൻ കിഷനാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ തകർപ്പൻ ബാറ്റിങ്ങാണ് ഇടവേളക്കുശേഷം ഇഷാൻ കിഷനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ഓരോ മത്സരങ്ങളും നിർണായകമാണ്.



© Madhyamam