സഞ്ജു സാംസൺ ക്യാപ്റ്റൻ, സാലി സാംസണും ഐ.പി.എൽ താരങ്ങളായ വിഘ്നേഷും വിഷ്ണുവും ടീമിൽ; മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു



തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണാണ് ടീം ക്യാപ്റ്റൻ. സഞ്ജുവിന്‍റെ സഹോദരൻ സാലി സാംസണും ഐ.പി.എൽ താരങ്ങളായ വിഘ്നേഷ് പുത്തൂരും വിഷ്ണു വിനോദും ടീമിലിടം നേടി.

ഈമാസം 26 മുതലാണ് ആഭ്യന്തര ട്വന്‍റി20 ടൂർണമെന്‍റ് ആരംഭിക്കുന്നത്. ഐ.പി.എല്ലിൽ രാജസ്ഥാനിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതിനു പിന്നാലെ സഞ്ജു പങ്കെടുക്കുന്ന ആദ്യ ടൂർണമെന്‍റാകും മുഷ്താഖ് അലി ട്രോഫി. രാജസ്ഥാനുമായുള്ള 12 വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് താരം ചെന്നൈയിലെത്തിയത്. പകരം രവീന്ദ്ര ജദേജ, സാം കരൺ എന്നീ താരങ്ങളെ ചെന്നൈ രാജസ്ഥാന് കൈമാറി.

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) തിളങ്ങിയ താരങ്ങൾക്ക് ടീമിൽ അവസരം നൽകി. സഞ്ജുവിന്‍റെ സഹോദരൻ സാലി സാംസണിന്‍റെ നേതൃത്വത്തിലാണ് കെ.സി.എൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടം നേടിയത്. യുവ ബാറ്റർ അഹ്മദ് ഇംറാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ.പി.എൽ താരമായ വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് മിനി ലേലത്തിന് മുന്നോടിയായി ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. കെ.സി.എല്ലിലെ വിക്കറ്റ് വേട്ടക്കാരനായ അഖിൽ സ്കറിയ ടീമിലുണ്ട്. മുൻ രഞ്ജി കേരള ക്യാപ്റ്റൻ സചിൻ ബേബി പുറത്തായി.

ഗ്രൂപ്പ് എയിലാണ് കേരളം. ചണ്ഡീഗഡ്, ഒഡീഷ, വിദർഭ, റെയിൽവേ, ആന്ധ്രപ്രദേശ്, മുംബൈ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഈമാസം 26ന് ഒഡീഷക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ലഖ്നോവിലാണ് കേരളത്തിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ. രഞ്ജി സീസണിൽ കേരളം ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. അഞ്ചു മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റ് മാത്രമാണുള്ളത്.

കേരള സ്ക്വാഡ്

സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹ്മദ് ഇംറാൻ (വൈസ് ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), കൃഷ്ണ ദേവൻ, അബ്ദുൽ ബാസിത്ത്, സാലി സാംസൺ, സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, സിബിൻ പി. ഗിരീഷ്, അങ്കിത് ശർമ, അഖിൽ സ്കറിയ, ബിജു നാരായണൻ, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, വിഘ്നേഷ് പുത്തൂർ, എൻ.എം. ഷറഫുദ്ദീൻ



© Madhyamam