സഞ്ജു ഇല്ല; രഞ്ജിയിൽ ഇനി കേരളത്തിന് പഞ്ചാബ് പരീക്ഷണം; മത്സരം 25ന്



തിരുവനന്തപുരം: സൂപ്പർതാരം സഞ്ജു സാംസണില്ലാതെ രഞ്ജി ട്രോഫിയിൽ കേരളം രണ്ടാം മത്സരത്തിന് തയാറെടുക്കുന്നു. പഞ്ചാബിനെതിരെ ഈമാസം 25നാണ് മത്സരം.

പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിന്‍റെ ഭാഗമായതിനാലാണ് സഞ്ജു ടീം വീട്ടത്. 29നാണ് ഓസീസിനെതിരായ ആദ്യ ട്വന്‍റി20 മത്സരം. മഹാരാഷ്ട്രക്കെതിരായ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജുവായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറർ. സഞ്ജുവിന്‍റെ അഭാവം ടീമിന് തിരിച്ചടിയാകും. പകരം സചിൻ സുരേഷ് ടീമിലെത്തി.

മഹാരാഷ്ട്രക്കെതിരായ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനുള്ള സുവർണാവസരം കേരള ബാറ്റർമാർ കളഞ്ഞുകുളിക്കുകയായിരുന്നു. 20 റൺസകലെയാണ് കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. പഞ്ചാബും മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ ലീഡ് വഴങ്ങി സമനിലയിലാണ് കളി അവസാനിപ്പിച്ചത്. മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. റണ്ണെടുക്കും മുമ്പ്‌ മൂന്ന്‌ ബാറ്റർമാരെ കൂടാരത്തിലേക്ക്‌ മടക്കിയാണ്‌ ബ‍ൗളർമാർ ഞെട്ടിച്ചത്‌. ഒരുവേള 18 റണ്ണിന്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായ മഹാരാഷ്‌ട്ര തകർച്ചയുടെ പടുകുഴിയിൽനിന്നും കരകയറി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്‌ക്ക്‌വാദും ജലജ് സക്‌സേനയും ചേർന്ന് മഹാരാഷ്ട്രയെ കരകയറ്റുകയായിരുന്നു.

കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺ കൂട്ടിച്ചേർത്തു. 219ന് ഓൾ ഔട്ടായ മഹാരാഷ്ട്ര, കേരളത്തിനെതിരെ മികച്ച ബോളിങ് കാഴ്ച വെച്ചു. മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തെ 219 റണ്‍സിന് വീഴ്ത്തിയാണ് ഒന്നാം ഇന്നിങ്സിൽ 20 റണ്ണിന്റെ നിർണായക ലീഡ്‌ മഹാരാഷ്ട്ര നേടിയത്. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലക്ക് കൈകൊടുക്കുകയായിരുന്നു. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് കളിയിലെ താരം.

കേരള ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത്( വൈസ് ക്യാപ്റ്റൻ), സചിൻ സുരേഷ്, രോഹൻ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, സചിൻ ബേബി, അഭിഷേക് പി.നായർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ തോട്ടം, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, അങ്കിത് ശർമ, വത്സാൽ ഗോവിന്ദ് ശർമ.



© Madhyamam