Cricket

‘മാഹി, നിന്നെയോർത്ത് എന്നും അഭിമാനം’; ധോണിയുടെ വിരമിക്കലിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഭാര്യ സാക്ഷി



ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) 19 വർഷം നീണ്ട ഇതിഹാസ തുല്യമായ കരിയറിന് വിരാമമിട്ട മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ) താരവുമായ എം.എസ്. ധോണിക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ സാക്ഷി ധോണി. 2027ലെ ഐ.പി.എൽ സീസണിന് മുന്നോടിയായി ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ ടീം മെന്ററായി ചൊവ്വാഴ്ച ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് താരം ഐ.പി.എല്ലിലെ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

തന്റെ ഭർത്താവിന്റെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രയിൽ ഉടനീളം പിന്തുണയും സ്നേഹവും നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സാക്ഷി ഇൻസ്റ്റഗ്രാമിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. മനോഹരമായ ഒരു മലനിരകളുടെ പശ്ചാത്തലത്തിൽ ധോണി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു സാക്ഷിയുടെ കുറിപ്പ്.

പുതിയ തുടക്കങ്ങൾക്കായി ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ടെന്ന് സാക്ഷി തന്റെ കുറിപ്പിൽ ഓർമിപ്പിച്ചു. ‘മനോഹരമായ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നതിനായി ചില അധ്യായങ്ങൾ അവസാനിച്ചേ മതിയാകൂ. വർഷങ്ങളായി മാഹിയെ സ്നേഹിക്കുകയും പിന്തുണക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും നിങ്ങളെ വ്യക്തിപരമായി അറിയാമെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും ഞങ്ങൾ എന്നെന്നും കടപ്പെട്ടിരിക്കുന്നു. പുതിയ തുടക്കങ്ങൾക്കും പുതിയ സാഹസികതകൾക്കും ഇനിയും ഒരുപാട് മനോഹരമായ ഓർമകൾക്കും ആശംസകൾ നേരുന്നു. മാഹി, നിന്നെയോർത്ത് എന്നും അഭിമാനിക്കുന്നു’ സാക്ഷി കുറിച്ചു.

സാക്ഷിയുടെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ലക്ഷക്കണക്കിന് ആരാധകരാണ് പോസ്റ്റിന് താഴെ തങ്ങളുടെ പ്രിയപ്പെട്ട തലക്ക് ആശംസകളും സ്നേഹവും അറിയിച്ച് എത്തിയത്. കായിക പ്രേമികളെ തന്റെ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച മറ്റൊരു ഏഴാം നമ്പറുകാരൻ കൂടി കളിക്കളത്തോട് വിടപറഞ്ഞിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എം.എസ് ധോണിയെന്ന ഇതിഹാസ നായകനും കളം വിടുന്നത്.

18 വർഷങ്ങളോളം ചെന്നൈയുടെ മഞ്ഞ കുപ്പായത്തിൽ കളം നിറഞ്ഞാടിയ ധോണി മൈതാനത്തും ആരാധകരുടെ മനസിലും ഓർമകൾ ബാക്കി വെച്ചാണ് ഐ.പി.എല്ലിലെ തന്റെ കളിക്ക് ഫുൾ സ്റ്റോപ്പിട്ടത്. പരിക്കുകൾ അലട്ടിയ കഴിഞ്ഞ സീസൺ മുതൽ ഈ പടിയിറക്കം ഓരോ ആരാധകനും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, ഒരു വിടവാങ്ങൽ മത്സരം പോലുമില്ലാതെ അയാൾ കളം വിടുന്നുവെന്നത് തലയെ നെഞ്ചിലേറ്റിയ ആരാധകരെ വിഷമിപ്പിക്കുന്നതാണ്.

2008ലെ പ്രഥമ സീസൺ തൊട്ട് ധോണി ടീമിനെ വിജയങ്ങളിലേക്കും കിരീടങ്ങളിലേക്കും നയിച്ചു. ടൂർണമെന്റിലെ തന്നെ മികച്ച ടീമുകളിൽ ഒന്നാക്കി സി.എസ്.കെ മാറ്റിയതോടെ ഒരു ഇതിഹാസ പുരുഷനാക്കി താരത്തെ മാറ്റുകയായിരുന്നു. ഐ.പി.എല്ലിൽ സി.എസ്.കെയെ അഞ്ച് തവണ ചാമ്പ്യനാക്കിയ ധോണി നായക പദവി ഒഴിഞ്ഞപ്പോൾ തന്നെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ്. എന്നാൽ, അവർ ഓരോ മത്സരങ്ങളിലും അയാളുടെ വരവിനായി കാത്തിരുന്നു.

അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പ്രകടനങ്ങൾ ചെന്നൈയുടെ ആരാധക പട ആവേശത്തോടെ ആഘോഷിച്ചു. ചെന്നൈക്ക് അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും സമ്മാനിച്ചാണ് താരം പടിയിറങ്ങുന്നത്. കളിക്കാരനെന്ന നിലയിലുള്ള യാത്ര അവസാനിച്ചെങ്കിലും, ടീം മെന്റർ എന്ന പുതിയ റോളിലൂടെ യുവതാരങ്ങൾക്ക് വഴികാട്ടിയായി ധോണി ഇനിയും ചെന്നൈ ക്യാമ്പിലുണ്ടാകുമെന്ന ആശ്വാസത്തിലാണ് ആരാധകർ.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.