
മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38 വർഷവും 182 ദിവസവും പ്രായമുള്ള രോഹിത് ഒന്നാം നമ്പരിലെത്തുന്ന പ്രായമേറിയ ഇന്ത്യൻ താരമാണ്. കരിയറിൽ ആദ്യമായാണ് രോഹിത് ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് എന്നതും ശ്രദ്ധേയമാണ്. ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ, മാൻ ഓഫ് ദ് സിരീസ് അവാർഡ് സ്വന്തമാക്കിയ പ്രകടനമാണ് താരത്തെ പട്ടികയിലെ ഒന്നാമനാക്കിയത്.
ഓസീസ് പര്യടനത്തിൽ മൂന്ന് മത്സരങ്ങളിലായി 101 ശരാശരിയിൽ 202 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ഒരു അർധശതകവും ഉൾപ്പെടെയാണിത്. ഇതോടെ താരത്തിന്‍റെ റേറ്റിങ് പോയിന്‍റ് 781 ആയി ഉയർന്നു. ക്യാപ്റ്റൻസി നഷ്ടമായി ഇറങ്ങിയ ആദ്യ പരമ്പരയിൽതന്നെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച രോഹിത്തിന്‍റെ പ്രകടനം അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള കരിയറിലും നിർണായകമാകും. വൈകാതെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തിന്‍റെ വമ്പൻ പ്രകടനം. എന്നാൽ ആസ്ട്രേലിയയിലേക്ക് ഇനി തിരിച്ചുവന്നേക്കില്ല എന്ന സൂചന നൽകിയാണ് പരമ്പരക്കുശേഷം താരം തിരികെ മടങ്ങിയത്.
അതേസമയം ലോക ഒന്നാം നമ്പരായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാന്‍റെ ഇബ്രാഹിം സദ്രാൻ രണ്ടാം റാങ്ക് നിലനിൽത്തി. പാകിസ്താന്‍റെ ബാബർ അസം, ന്യൂസിലൻഡ് ബാറ്റർ ഡാരി മിച്ചൽ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങൾ. വിരാട് കോഹ്ലി (ആറ്), ശ്രേയസ് അയ്യർ (ഒമ്പത്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി 43 റൺസാണ് ഗില്ലിന്‍റെ സമ്പാദ്യം. കോഹ്ലി അവസാന ഏകദിനത്തിൽ പുറത്താകാതെ 74 റൺസ് നേടി. മറ്റ് രണ്ട് മത്സരങ്ങളിലും റൺ നേടാനായില്ല. അവസാന ഏകദിനത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ലെങ്കിലും ശ്രേയസിന് ഒരു സ്ഥാനം മെച്ചപ്പെടുത്താനായി.
ഏകദിന ബൗളർമാരിൽ കുൽദീപ് യാദവ് (ഏഴ്) മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ടീം റാങ്കിങ്ങിൽ ഏകദിനത്തിലും ട്വന്‍റി20യിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ടെസ്റ്റിൽ നാലാമതാണ് ഇന്ത്യ. ട്വന്‍റി20 ബാറ്റിങ്ങിൽ അഭിഷേക് ശർമ ഒന്നാമതും തിലക് വർമ മൂന്നാമതുമാണുള്ളത്.
