
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലേക്കുള്ള ടീമിലേക്കാണ് തിരിച്ചെത്തിയത്. ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മത്സരത്തിൽ കളിച്ച് പന്ത് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. ടീമിനെ വിജയത്തിലേക്ക് നയിക്കാനും പന്തിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലേക്കുള്ള തിരിച്ചുവരവ്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിനിടെയാണ് പന്തിന് പരിക്കേറ്റത്. ക്രിസ്വോക്സ് എറിഞ്ഞ പന്ത് കാലിൽ കൊണ്ടായിരുന്നു പരിക്ക്. തുടർന്ന് താരത്തെ ബംഗളൂരുവിലെ റിഹാബിറ്റലേഷൻ സെന്ററിൽ പ്രവശേിപ്പിക്കുകയായിരുന്നു.
ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് പന്തിന്റെ പുനപ്രവേശനം. ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ. രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് ഇക്കുറിയും ടീമിൽ ഇടംപിടിച്ചില്ല. ജസ്പ്രീത് ബുംറ തന്നെയാവും ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ നയിക്കുക. നവംബർ 14 മുതൽ 18 വരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും 22 മുതൽ 26 വരെ ഗുവാഹത്തിയിലുമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ),(വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അകാശ് ദീപ്.
