
ന്യൂഡൽഹി: ഗാലറിയെ പുളകംകൊള്ളിക്കുന്ന സിക്സും ബൗണ്ടറിയുമായി വിരാട് കോഹ്ലിയും രോഹിത് ശർമയും വീണ്ടും ക്രീസിൽ നങ്കൂരമിട്ടതിന്റെ ആഘോഷത്തിലാണ് ക്രിക്കറ്റ് ആരാധകർ. ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച് ഏകദിനത്തിൽ മാത്രം ഒതുങ്ങിയതോടെ, ഇതിഹാസങ്ങളുടെ ബാറ്റിങ് സൗന്ദര്യം കാണണമെങ്കിൽ 50ഓവർ ക്രിക്കറ്റിന്റെ വരവിനായി കാത്തിരിക്കണമെന്നായി.
ജൂനിയർ താരങ്ങൾ നയിക്കുന്ന ടെസ്റ്റ് ടീം പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി തോറ്റമ്പുന്നത് കാണുമ്പോൾ രോഹിതും കോഹ്ലിയും വെള്ളുപ്പായത്തിൽ വീണ്ടും കളിക്കാനെത്തുന്നത് കൊതിക്കാത്ത ആരാധകർ ആരാണുളളത്.
ആസ്ട്രേലിയൻ മണ്ണിലും, ഇപ്പോൾ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ ആരാധക ആവേശത്തിനൊത്ത് രോഹിതിന്റെയും വിരാടിന്റെയും ബാറ്റുകൾ ഗർജിച്ചപ്പോൾ എല്ലാവരും ഹാപ്പി.
ഓരോ ഏകദിന പമ്പരയിലേക്കും ‘രോ-കോ’ ലെജൻഡ്സിന്റെ വരവ് ആരാധകർ ആഘോഷമാക്കുമ്പോൾ ടീം ഇന്ത്യയുടെ ഡ്രസ്സിങ് റൂം തല്ലിപ്പിരിഞ്ഞ തറവാട്ടിലേക്ക് ബന്ധുക്കൾ തിരികെയെത്തുന്ന പോലെയാണെന്നതാണ് പിന്നാമ്പുറ വർത്തമാനം.
കോച്ച് ഗൗതം ഗംഭീറും സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തമ്മിൽ മിണ്ടാട്ടമില്ലത്രേ. ചീഫ് സെലക്ടർ അജിത് അഗാർക്കാറും രോഹിതും തമ്മിൽ മിണ്ടിയിട്ടും ദിവസങ്ങളായി.
റോൾ മോഡലുകളായ സീനിയർ താരങ്ങളും കോച്ചും തമ്മിലെ ഭിന്നതക്കിടയിൽ ഒറ്റപ്പെട്ടപോലെയായത് ജൂനിയർ താരങ്ങളും.
ടീം ജയിക്കാൻ രോഹിതും വിരാട് കോഹ്ലിയും അനിവാര്യമായതിനാൽ സീനിയർ താരങ്ങളെ തള്ളാനാവാതെ വാ പൊളിച്ച് നിൽപാണ് ബി.സി.സി.ഐ.
ദീർഘകാലത്തെ ഇടവേളക്കു ശേഷം ആസ്ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു രോഹിതും കോഹ്ലിയും ടീം ഇന്ത്യക്കായി കളത്തിലിറങ്ങിയത്. 73, 121 നോട്ടൗട്ട്, 57 റൺസുകളുമായി രോഹിതും, 74, 135 റൺസുമായി കോഹ്ലിയും ആരാധക കൈയടി നേടി.
‘രോ-കോ’ തിരിച്ചുവരവ് ആരാധകർ ആഘോഷിച്ചു തുടങ്ങിയപ്പോൾ, കല്ലേറുകൾ മുഴുവൻ ഗംഭീറിനെതിരായി. ഇടവേളക്കു ശേഷം, ദക്ഷിണാഫ്രികക്കെതിരെ ഏകദിന മത്സരം ആരംഭിക്കുമ്പോൾ ആത്മവിശ്വാസം ഇടിഞ്ഞ ഗംഭീർ ക്യാമ്പിലേക്കാണ് ഇരുവരുമെത്തിയത്. ടെസ്റ്റ് പരമ്പരയിൽ സ്വന്തം മണ്ണിൽ 2-0ത്തിന് പരമ്പര തോറ്റതിന് ആരാധകരും മാധ്യമങ്ങളും മുൻതാരങ്ങളുമെല്ലാം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറെയും ചോദ്യമുനയിൽ നിർത്തിയപ്പോൾ രാജകീയമായിരുന്നു രോ-കോ വരവ്. ആദ്യ മത്സരം തന്നെ ഇരുവരും ചേർന്ന് ഇന്ത്യക്കനുകൂലമാക്കി. റാഞ്ചിയിലെ മണ്ണിൽ വിരാട് വെടിക്കെട്ട് സെഞ്ച്വറിയിലേക്ക് കത്തിക്കയറുമ്പോൾ ടി.വി സ്ക്രീനിൽ ഗംഭീറിന്റെ മുഖം ഇടക്കിടെ തെളിഞ്ഞു.
രോഹിതും വിരാടും ടെസ്റ്റ് ടീമിൽ നിന്നും അകാലത്തിൽ വിരമിച്ചതിന്റെ ഉത്തരവാദിത്തം കോച്ചിന് നൽകുമ്പോൾ ഏകദിന ബാറ്റിങ്ങിലൂടെ താരങ്ങളുടെ മറുപടി ആരാധകരും ആസ്വദിക്കുന്നു. 2027ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്ന രോ-കോയോട് ഇടക്കിടെ ഫിറ്റ്നസിനെ കുറിച്ചും, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ചും ഓർമിപ്പിക്കുന്ന അജിത് അഗാർക്കറിനും ആരാധകർ ഈ അവസരത്തിൽ മറുപടി നൽകുന്നു.
ഡ്രസ്സിങ് റൂം പണ്ടേപോലെയല്ല
ഏകദിന മത്സരങ്ങൾക്ക് മുമ്പായി രോഹിതും വിരാടും ടീമിനൊപ്പം ചേരുന്നതോടെ ഡ്രസ്സിങ് റൂം അന്തരീക്ഷം ആകെ മാറുന്നതായി ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമായി ഗൗതം ഗംഭീറിന്റെ ബന്ധം ഉലഞ്ഞതായാണ് സൂചനകൾ. ഇവർക്കിടയിലെ മഞ്ഞുരുക്കി, ടീമിൽ ഐക്യം തിരികെയെത്തിക്കാൻ ബി.സി.സി.ഐയും ശ്രമം തുടങ്ങി. ഇരുവരുടെയും ഭാവിയിൽ വ്യക്തത വരുത്തുന്നതിനായി പരമ്പരയിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കിടയിൽ ബോർഡ് യോഗവും വിളിക്കുന്നതായാണ് സൂചന. ചീഫ് സെലക്ടറും, കോച്ചുമായുള്ള കൂടികാഴ്ചയിൽ 2027 ലോകകപ്പിലെ ഭാവിയും, ഏകദിന ടീമിലെ ഇവരുടെ റോളും എന്തെന്നതിൽ വ്യക്തത വരുത്തും.
സീനിയർ താരങ്ങളുമായി കോച്ചിന്റെയും ചീഫ് സെലക്ടറുടെയും ബന്ധം ഉലഞ്ഞ സമയം തന്നെ, ആരാധകകോപവും ബി.സി.സി.ഐ പ്രതിസന്ധിയിലാക്കുന്നു. ടെസ്റ്റ് പരമ്പര തോൽവിക്കും, വിരാടിന്റെ ഞായറാഴ്ചത്തെ സെഞ്ച്വറിക്കും പിന്നാലെ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും ബോർഡിനെ ഞെട്ടിക്കുന്നു.
