
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ വലിയ സ്കോർ കണ്ടെത്തായില്ലെങ്കിലും അപൂർവ നേട്ടം കൈവരിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇടംനേടാൻ രവീന്ദ്ര ജദേജക്കായി. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 300 വിക്കറ്റുകളും തികക്കുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമായിരിക്കുകയാസ്റ്റ് ജദേജ. കരിയറിൽ 88-ാം ടെസ്റ്റ് കളിക്കുന്ന ജദേജ കപിൽ ദേവ്, ഇയാൻ ബോതം, ഡാനിയൽ വെട്ടോറി എന്നിവരടങ്ങുന്ന എലൈറ്റ് ലിസ്റ്റിലാണ് കയറിപ്പറ്റിയത്. നിലവിൽ ലോക ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ കൂടിയാണ് ജദേജ.
ടെസ്റ്റിന്റെ രണ്ടാം ദിനം 4,000 റൺസ് തികക്കാൻ ജഡ്ഡുവിന് കേവലം 10 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സ്വതസിദ്ധമായ ശാന്തതയോടെയാണ് അദ്ദേഹം നാഴികക്കല്ല് പിന്നിട്ടത്. 45 പന്തിൽ 27 റൺസ് നേടിയാണ് താരം തിരിച്ചുകയറിയത്. കരിയറിൽ ഇതുവരെ ആറ് സെഞ്ച്വറികളും 27 അർധ സെഞ്ച്വറികളും ജഡ്ഡുവിന്‍റെ പേരിലുണ്ട്. 38ന് മുകളിലാണ് ബാറ്റിങ് ശരാശരി. 15 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി താരത്തിന്‍റെ ആകെ വിക്കറ്റ് നേട്ടം 340 പിന്നിട്ടു. ഹോം ഗ്രൗണ്ടിൽ 250, ടെസ്റ്റ് ചാമ്പ്യൻഷിപിൽ 150 വിക്കറ്റുകൾ എന്നീ നാഴികക്കല്ലും ജദേജ പിന്നിട്ടു. ജദേജയുടെ നേട്ടത്തിന്‍റെ പശ്ചാത്തലത്തിൽ, ‘ഓൺ അനതർ പ്ലാനറ്റ്’ എന്നെഴുതി ഐ.സി.സി പങ്കുവെച്ച എലൈറ്റ് താരങ്ങളുടെ ചിത്രവും ശ്രദ്ധേയമാകുന്നു.
4000 ടെസ്റ്റ് റൺസും 300 ടെസ്റ്റ് വിക്കറ്റും നേടിയ താരങ്ങൾ
- കപിൽ ദേവ് (ഇന്ത്യ) – 5248 റൺസ്, 434 വിക്കറ്റ്
- ഇയാൻ ബോതം (ഇംഗ്ലണ്ട്) – 5200 റൺസ്, 383 വിക്കറ്റ്
- ഡാനിയേൽ വെട്ടോറി (ന്യൂസിലൻഡ്) – 4531 റൺസ്, 362 വിക്കറ്റ്
- രവീന്ദ്ര ജദേജ (ഇന്ത്യ) – 4001* റൺസ്, 338 വിക്കറ്റ്*
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് നേടുന്നതിനിടെ പ്രോട്ടീസിന്‍റെ ആറ് വിക്കറ്റുകൾ വീണു. 12 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ജദേജയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ കടപുഴക്കിയത്. കുൽദീപ് യാദവും അക്സർ പട്ടേലും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. 32-ാം ഓവർ പുരോഗമിക്കുമ്പോൾ ആറിന് 89 എന്ന നിലയിലാണ് സന്ദർശകർ. ക്യാപ്റ്റൻ തെംബ ബവുമ (27*), മാർകോ യാൻസൻ (12*) എന്നിവരാണ് ക്രീസിൽ.
