രഞ്ജി ട്രോഫി; കേരളം – മഹാരാഷ്ട്ര മത്സരം സമനിലയിൽ



തിരുവനന്തപുരം : കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ നേടിയ 20 റൺസിന്‍റെ ലീഡുൾപ്പടെ മഹാരാഷ്ട്രയുടെ ആകെ ലീഡ് 244 ആയി. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് കളിയിലെ താരം. നാലാം ദിനം വിക്കറ്റ് നഷ്‌ടപ്പെടാതെ 51 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച മഹാരാഷ്ട്ര മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. സ്കോർ 84ൽ നില്ക്കെ ആർഷിൻ കുൽക്കർണ്ണിയുടെ വിക്കറ്റ് നഷ്ടമായി. മറുവശത്ത് അനായാസ ബാറ്റിങ് തുടർന്ന പൃഥ്വീ ഷാ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഒടുവിൽ 75 റൺസെടുത്ത് നില്ക്കെ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ പിടിച്ചാണ് പൃഥ്വീ ഷാ പുറത്തായത്. തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദും സിദ്ദേഷ് വീറും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ദേഷ് വീറും ഋതുരാജ് ഗെയ്ക്വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. റണ്ണെടുക്കും മുമ്പ്‌ മൂന്ന്‌ ബാറ്റർമാരെ കൂടാരത്തിലേക്ക്‌ മടക്കിയാണ്‌ ബ‍ൗളർമാർ ഞെട്ടിച്ചത്‌. ഒരുവേള 18 റണ്ണിന്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായ മഹാരാഷ്‌ട്ര തകർച്ചയുടെ പടുകുഴിയിൽനിന്നും കരകയറി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്‌ക്ക്‌വാദും ജലജ് സക്‌സേനയും ചേർന്ന് മഹാരാഷ്ട്രയെ കരകയറ്റുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺ കൂട്ടിച്ചേർത്തു. 219ന് ഓൾ ഔട്ടായ മഹാരാഷ്ട്ര, കേരളത്തിനെതിരെ മികച്ച ബോളിങ് കാഴ്ച വെച്ചു. മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തെ 219 റണ്‍സിന് വീഴ്ത്തിയാണ് ഒന്നാം ഇന്നിങ്സിൽ 20 റണ്ണിന്റെ നിർണായക ലീഡ്‌ മഹാരാഷ്ട്ര നേടിയത്. സ്കോർ 23ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി വിക്കറ്റിന് മുന്നിൽ കുരുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തിനെയും (ആറ്) മനോഹരമായ കാച്ചിലൂടെ ഗുർബാനി പുറത്താക്കി. രോഹൻ കുന്നുമ്മലിന്‍റെതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹനെ ജലജ് സക്സേനയും പുറത്താക്കിയതോടെ കേരളം പതറി.

മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന കേരളത്തിന്റെ സ്കോർ നില മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 എന്നായിരുന്നു. 22ാം ഓവറിൽ സച്ചിൻ ബേബിയെ രാമകൃഷ്ണ ഘോഷ് മടക്കി അയച്ചതോടെ നാല് മുൻ നിര ബാറ്റർമാരെ കേരളത്തിന് നഷ്ടമായി. പിന്നാലെ വന്ന സഞ്ജു സാംസണും ക്യാപ്റ്റൻ അസറുദ്ദീനും ചേർന്ന് കേരളത്തിന് പ്രതീക്ഷയേകുന്ന കൂട്ടുകെട്ടാണ് നൽകിയത്. വൈകാതെ സഞ്ജു സാംസൺ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. പക്ഷെ പിന്നാലെ തന്നെ വിക്കി ഓസ്റ്റ്വാൾ സാംസണെ മടക്കിയയച്ചു. അധികം വൈകാതെ തന്നെ 36 റൺസുമായി അസറുദ്ദീനും പുറത്തായി. സൽമാൻ നിസാർ ഒരു ഭാഗത്ത് ചെറുത്ത് നിൽപ്പ് തുടർന്നെങ്കിലും മറുഭാഗത്ത് കേരളത്തിന്റെ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായി. അങ്കിത് ശർമയേയും നിധീഷിനെയും ജലജ് സക്‌സേന പുറത്താക്കിയപ്പോൾ ഏദൻ ആപ്പിൾ ടോമിനെ പുറത്താക്കിയത് മുകേഷ് ചൗദരിയാണ്. 64ാം ഓവറിൽ സൽമാൻ നിസാറും പുറത്തായതോടെ 20 റൺസിന്റെ ലീഡ് വഴങ്ങി കേരളം ഓൾ ഔട്ടായി.



© Madhyamam