പ്രിയാൻഷും കൂപ്പറും ആറാടി; ലഖ്‌നൗവിന് മുന്നിൽ സീസണിലെ കൂറ്റൻ ലക്ഷ്യം ഉയർത്തി പഞ്ചാബ്



മൊഹാലി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ പ്രിയാൻഷ് ആര്യയും കൂപ്പറുമാണ് പഞ്ചാബിനായി റൺമല തീർത്തത്.

തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ (0) നഷ്ടമായെങ്കിലും പ്രിയാൻഷ് ആര്യയുടെ ബാറ്റിങ് വിസ്ഫോടനമാണ് പിന്നീട് കണ്ടത്. വെറും 37 പന്തിൽ നിന്ന് 9 സിക്സറുകളും 4 ഫോറുമടക്കം 93 റൺസാണ് പ്രിയാൻഷ് അടിച്ചുകൂട്ടിയത്. മറുവശത്ത് 46 പന്തിൽ 87 റൺസുമായി കൂപ്പറും തകർത്താടി. ഇരുവരും ചേർന്നുള്ള ബാറ്റിങ് ലഖ്‌നൗ ബോളർമാരുടെ താളം തെറ്റിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള മറ്റ് മുൻനിര താരങ്ങൾക്ക് കാര്യമായ സംഭാവന നൽകാനായില്ല.

ലഖ്‌നൗവിനായി പ്രിൻസ് യാദവ്, എം. സിദ്ധാർഥ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും മൊഹ്‌സിൻ ഖാനും ഓരോ വിക്കറ്റും നേടി. സീസണിലെ ഏറ്റവും ഉയർന്ന സ്കോറുകളിലൊന്നാണ് ലഖ്‌നൗവിന് ജയിക്കാൻ മറികടക്കേണ്ടത്.



© Madhyamam