ലങ്കയുടെ ഇടപെടലിൽ മഞ്ഞുരുകുമോ? ഇന്ത്യയുമായി കളിക്കാൻ പാകിസ്താൻ തയാറായേക്കും, വീണ്ടും ചർച്ചക്കൊരുങ്ങി പി.സി.ബി



ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ അയവ് വരുത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സിബി) ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ പുനർചിന്ത വേണമെന്ന് ടൂർണമെന്‍റിന്‍റെ ആതിഥേയർ കൂടിയായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം. വിഷയത്തിൽ പി.സി.ബി വീണ്ടും പാകിസ്താൻ സർക്കാറുമായി ചർച്ച നടത്തും.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കാതിരുന്നാൽ അത് ടൂർണമെന്റിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പാകിസ്താനെ അറിയിച്ചിരുന്നു. ടിക്കറ്റ് വരുമാനത്തിലും ഹോട്ടൽ, ടൂറിസം രംഗങ്ങളിലുണ്ടാകുന്ന തിരിച്ചടിയും തങ്ങളെ സാരമായി ബാധിക്കുമെന്ന് ശ്രീലങ്കൻ ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

നിലവിൽ ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ടീമിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ കളിക്കുന്നതിൽ നിന്ന് അവരെ വിലക്കിയിരിക്കുകയാണ്. ഐ.സി.സിക്കും ബ്രോഡ്കാസ്റ്റർമാർക്കും സാമ്പത്തികമായി ഏറ്റവും വലിയ നേട്ടം നൽകുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇല്ലാതാകുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെത്തുടന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ദൃഢമായ നയതന്ത്ര ബന്ധവും ക്രിക്കറ്റ് ബന്ധവും പരിഗണിക്കുമ്പോൾ, ലങ്കയുടെ ആവശ്യം അവഗണിക്കാൻ കഴിയില്ലെന്ന് പാക് ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുമ്പ് സുരക്ഷാ കാരണങ്ങളാൽ ശ്രീലങ്കൻ താരങ്ങൾ പാകിസ്താൻ പര്യടനത്തിൽനിന്ന് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ ലങ്കൻ സർക്കാർ അത് തടയുകയും പര്യടനം പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തത് ദ്വീപ് രാഷ്ട്രം ഓർമിപ്പിക്കുന്നു.

നിലവിൽ പാകിസ്താനിലില്ലാത്ത പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തും. ഇന്ത്യയുമായുള്ള മത്സരത്തിലെ ബഹിഷ്കരണം അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടായേക്കും. പാകിസ്താൻ തങ്ങളുടെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് സുപ്രധാന നീക്കം.



© Madhyamam