ഷാർജ: പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അട്ടിമറിച്ച നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തീ അണഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. ആ ചൂടണയും മുമ്പേ ക്രിക്കറ്റ് ക്രീസിലും മറ്റൊരു ജെൻ സി അട്ടിമറി പൂർത്തിയാക്കി നേപ്പാളിന്റെ യുവസംഘം.
ഗാരി സോബേഴ്സ് മുതൽ വിവിയർ റിച്ചാർഡ്സും, ആംബ്രോസും ബ്രയാൻ ലാറയും ഉൾപ്പെടെ ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങൾ വാണ വെസ്റ്റിൻഡീസിനെ ട്വന്റി20 മത്സരത്തിൽ 19 റൺസിന് അട്ടിമറിച്ചുകൊണ്ടായിരുന്നു നേപ്പാളിന്റെ ജെൻ സി വിപ്ലവം. ഷാർജയിൽ നടക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ക്രിക്കറ്റ് ലോകം ഞെട്ടിയ അട്ടിമറി.
ആദ്യം ബാറ്റു ചെയ്ത നേപ്പാൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് പൗഡൽ (38), കുശാൽ മല്ല (30), ഗുൽഷാൻ ജ (22) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് 20 ഓവറിൽ 129 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഒമ്പത് വിക്കറ്റും നഷ്ടമായിരുന്നു. ഓൾ റൗണ്ട് മികവുമായി ബാറ്റിലും ബൗളിലും എതിരാളികളെ പിടിച്ചുകെട്ടിയായിരുന്നു നേപ്പാളിന്റെ മിന്നും വിജയം.
ഐ.സി.സി ഫുൾ മെംബർ ടീമിനെതിരെ നേപ്പാൾ സ്വന്തമാക്കുന്ന ആദ്യ ജയം കൂടിയാണിത്.
ചരിത്ര വിജയം അടുത്തിടെ നടന്ന ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർക്കായി സമർപ്പിക്കുന്നുവെന്ന് നേപ്പാൾ നായകൻ രോഹിത് പൗഡൽ അറിയിച്ചു.