സൽമാൻ ഖാന്‍റെ ഫാം ഹൗസിൽ ധോണിയും ധില്ലനും; വൈറൽ ചിത്രം ആഘോഷമാക്കി ആരാധകർ



മുംബൈ: ബോളുവുഡ് താരം സൽമാൻ ഖാന്‍റെ പനവേലിലുള്ള ഫാം ഹൗസ് ഏറെ പ്രസിദ്ധമാണ്. പ്രമുഖരായ പലരും പലപ്പോഴായി ഇവിടെ എത്തുന്ന വാർത്തകളും ശ്രദ്ധേയമാകാറുണ്ട്. സൽമാനൊപ്പം ക്രിക്കറ്റ് താരം എം.എസ്. ധോണിയും ഗായകൻ എ.പി. ധില്ലനും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനും നിർമാതാവുമായ അതുൽ അഗ്നിഹോത്രിയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇത് അൽപം പഴയ ചിത്രമാണ്. എപ്പോഴത്തേതാണെന്ന് വ്യക്തമല്ലെങ്കിലും ‘ത്രോബാക്ക്’ എന്ന് വ്യക്തമാക്കിയാണ് അതുൽ ചിത്രം പുറത്തുവിട്ടത്.

സൽമാൻ ഖാന്‍റെ 60-ാം പിറന്നാൾ വരാനിരിക്കെയാണ് ചിത്രം വൈറലാകുന്നതെന്നത് ശ്രദ്ധേയമാണ്. മൂവരും സാഹസിക വിനോദത്തിൽ ഏർപ്പെട്ടതിനു ശേഷമാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഫാം ഹൗസിലൂടെ ഓൾ-ടെറയിൻ വെഹിക്കിളിൽ സഞ്ചരിച്ച് ചെളി പറ്റിയിരിക്കുന്നതും ചിത്രത്തിൽ കാണാം. ഏതായാലും ബോളിവുഡും സ്പോർട്സും മ്യൂസിക്കും ഒറ്റ ഫ്രെയിമിൽ പതിഞ്ഞതിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നെറ്റിസൺസ്.



© Madhyamam