ഷമി ഹീറോ തന്നെ, ‘ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട’; അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ അഗാർക്കർക്ക് മറുപടി



കൊൽക്കത്ത: രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഫിറ്റ്നസ് പ്രശ്നമുന്നയിച്ച ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് ശക്തമായ മറുപടിയാണ് പേസർ മുഹമ്മദ് ഷമി നൽകിയത്. ഗ്രൂപ്പ് സിയിൽ ഗുജറാത്തിനെതിരെ 141 റൺസിന്‍റെ ജയം സ്വന്തമാക്കിയ ബംഗാളിനായി രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റാണ് ഷമി പിഴുതത്. ആദ്യ ഇന്നിങ്സിലെ മൂന്നടക്കം മത്സരത്തിലാകെ എട്ട് വിക്കറ്റും. സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്. ഇതിനു പിന്നാലെ ഷമിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാൾ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല.

“മുഹമ്മദ് ഷമിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. അദ്ദേഹം സ്വയം തെളയിക്കുന്നുണ്ട്. ആരാധകരുടെയും മാധ്യമങ്ങളുടെയും ഏറ്റവും വലിയ സെലക്ടറുടെയും (ദൈവത്തിന്‍റെ) പിന്തുണ അദ്ദേഹത്തിനുണ്ട്”- ശുക്ല പറഞ്ഞു. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിം​ഗ്സിലെ പ്രകടനത്തിലൂടെ കരിയറിലെ 13-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സീസണിൽ ബം​ഗാളിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഉത്തരാഖണ്ഡിനെതിരെ ഒരിന്നിങ്സിൽ ഷമി നാല് വിക്കറ്റും നേടിയിരുന്നു.

ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് ചീഫ് സെലക്ടർ അ​ഗാർക്കർ പറഞ്ഞ മറുപടി ആഭ്യന്തര സീസൺ തുടങ്ങിയതേയുള്ളൂ, താരത്തിന്റെ കായികക്ഷമതക്ക് അനുസരിച്ചിരിക്കും സെലക്ഷൻ എന്നാണ്. ഇതിനുള്ള ശക്തമായ മറുപടി കൂടിയാണ് രഞ്ജി സീസണിലെ പ്രകടനത്തിലൂടെ താരം നൽകിയത്. നേരത്തെ തന്‍റെ പേര് ഉൾപ്പെടുത്താത്തത് ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമാണെന്ന റിപ്പോർട്ടുകളെ വിമർശിച്ച് ഷമി രംഗത്ത് വന്നിരുന്നു. രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ തന്‍റെ പേരുൾപ്പെട്ടത് താൻ ഫിറ്റായതുകൊണ്ടാണെന്നും, ഇക്കാര്യം സെലക്ടർമാരെ അറിയിക്കേണ്ടത് തന്‍റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചു.

“സെലക്ഷൻ എന്‍റെ കൈകളിലല്ല, നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കിൽ ബംഗാളിനു വേണ്ടി ഞാൻ കളിക്കാൻ ഇറങ്ങില്ലായിരുന്നു. ചതുർദിന മത്സരങ്ങൾ കളിക്കാമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാനാകും. ഇതേക്കുറിച്ച് സംസാരിച്ച് ഒരു വിവാദമുണ്ടാക്കാൻ താൽപര്യമില്ല. ഫിറ്റനസ് അപ്ഡേറ്റ് നൽകാനുള്ള ബാധ്യത എനിക്കില്ല. അതെന്‍റെ ജോലിയുമല്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി പരിശീലനം നേടുക, കളിക്കുക എന്നതാണ് എന്‍റെ ജോലി.

രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപനം നടത്തേണ്ടത്. ദേശീയ ടീം ജയിക്കണം, അതിൽ നമ്മൾ സന്തോഷിക്കണം. എല്ലായ്പ്പോഴും അതുതന്നെയാണ് ഞാൻ പറയാറുള്ളത്. എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണം. നന്നായി കളിച്ചാൽ അതിന്‍റെ ഗുണമുണ്ടാകും. ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്താലും ഇല്ലെങ്കിലും എന്നെ ബാധിക്കില്ല. സെലക്ട് ചെയ്തില്ലെങ്കിൽ ബംഗാളിനു വേണ്ടി കളിക്കും. അതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. രഞ്ജി കളിക്കുന്നത് മോശം കാര്യമായി കാണുന്നുമില്ല” -ഷമി പറഞ്ഞു.

2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയുടെ ടോപ് വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിനായി. പരിക്കിനെ തുടർന്ന് ബംഗളൂരിവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടുകയും പിന്നീട് പരിശീലനം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് പരിഗണിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കി. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു ശേഷം ടെസ്റ്റ് ടീമിലേക്കും താരത്തിന് വിളി വന്നിട്ടില്ല.



© Madhyamam