സംഗക്കാര റിട്ടേൺസ്; ​രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി



ജയ്പൂർ: രാജസ്ഥാൻ റോയൽസ് കോച്ചായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര തിരികെയെത്തുന്നു. പരി​ശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് കുമാർ സംഗക്കാര രാജസ്ഥാന്റെ കോച്ചാവുന്നത്. നിലവിൽ ക്രിക്കറ്റ് ഡയറക്ടറാണ് മുൻ ശ്രീലങ്കൻ നായകൻ. ഈ ജോലിക്കൊപ്പം കോച്ചിന്റെ ചുമതലയും വഹിക്കും.

രാഹുൽ ദ്രാവിഡ് സ്ഥാനമേൽക്കുന്നതിന് മുമ്പ് 2021 മുതൽ 2024വരെ സീസൺ വരെ രാജസ്ഥാൻ​ റോയൽസ് മുഖ്യ പരിശീലകനായിരുന്നു സംഗക്കാരെ. കഴിഞ്ഞ സീസണിൽ ദ്രാവിഡ് കോച്ചായതോടെ ശ്രീലങ്കൻ താരം ക്രിക്കറ്റ് ഡയറക്ടർ പദവിയിലൊതുങ്ങി. സംഗക്കാരെക്കു കീഴിൽ 2022ൽ ടീം ഫൈനൽ വരെയും, 2024ൽ ​േപ്ല ഓഫ് വരെയുമെത്തി. എന്നാൽ, 2025 സീസണിൽ രാഹുൽ ദ്രാവിഡിനു കീഴിൽ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. പത്ത് ടീമുകളുള്ള ടൂർണമെന്റിൽ ഒമ്പതാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.

കോച്ചിങ് കുപ്പായത്തിൽ വീണ്ടും എത്താൻകഴിഞ്ഞത് അഭിമാനകരമാണെന്നും, പ്രതിഭാധനരായ സംഘത്തിനൊപ്പം പ്രവർത്തിക്കാനാവുന്നതിൽ സന്തോഷമെന്നും സംഗക്കാരെ പ്രതികരിച്ചു.

മുൻ ഇന്ത്യൻ താരം വിക്രം രാത്തോഡ് ബാറ്റിങ് ചുമതലയുള്ള അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കും. മുൻ ന്യൂസിലൻഡ് പേസ് ബൗളർ ഷെയ്ൻ ബോണ്ടിനാണ് ബൗളിങ് പരി​ശീലക ചുമത. സഹപരിശീലകാരയ ട്രെവർ പെന്നിയും സിദ് ലാഹിരിയും സംഗക്കാരെക്കൊപ്പമുണ്ടാവും.

കഴിഞ്ഞ ഏതാനും വർഷങ്ങളായ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതും, രവീന്ദ്ര ജദേജ, സാംകറൻ എന്നീ താരങ്ങളുടെ വരവുമെല്ലാമായി പുതിയ സീസണിൽ പുത്തൻ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് രാജസ്ഥാൻ റോയൽസ്.



© Madhyamam