തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. രണ്ടാം സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തകർത്താണ് കൊച്ചി കലാശപ്പോരിന് യോഗ്യത നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കൊല്ലം സെയിലേഴ്സാണ് കൊച്ചിയുടെ എതിരാളികൾ.
വിക്കറ്റ് കീപ്പർ നിഖിൽ തോട്ടത്തിന്‍റെ അർധ സെഞ്ച്വറിയാണ് കൊച്ചിയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 36 പന്തിൽ ഏഴു സിക്സും ഒരു ഫോറുമടക്കം 64 റൺസെടുത്തു. മുഹമ്മദ് ആഷിഖിന്‍റെ ഓൾ റൗണ്ട് പ്രകടനവും വിജയത്തിൽ നിർണായകമായി. അവസാന ഓവറുകളിൽ വമ്പനടികളുമായി കളംനിറഞ്ഞ താരം 10 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 31 റൺസെടുത്താണ് പുറത്തായത്. മൂന്നു വിക്കറ്റും വീഴ്ത്തി. വിപുൽ ശക്തി 28 പന്തിൽ 37 റൺസെടുത്തു. വി. മനോഹരൻ (17 പന്തിൽ 16), മുഹമ്മദ് ഷാനു (മൂന്നു പന്തിൽ ഒന്ന്), സാലി സാംസൺ (പൂജ്യം), കെ. അജീഷ് (20 പന്തിൽ 24), ജോബിൻ ജോയ് (ആറു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
കാലിക്കറ്റിനായി മനു കൃഷ്ണൻ, ഇബ്നുൽ അഫ്താബ്, എം.യു. ഹരികൃഷ്ണൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റിനായി അഖിൽ സ്കറിയ ഒരറ്റത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 37 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 72 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. കൃഷ്ണ ദേവൻ 13 പന്തിൽ 26 റൺസും അമീർഷ 12 പന്തിൽ 23 റൺസെടുത്തും പുറത്തായി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല.
നാലു ഓവറിൽ 26 റൺസ് വഴങ്ങിയാണ് ആഷിഖ് മൂന്നു വിക്കറ്റെടുത്തത്. പി.എസ്. ജെറിൻ, പി. മിഥുൻ, കെ.എം. ആസിഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഒന്നാം സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം ഫൈനലിലെത്തിയത്.