സഞ്ജുവിന്‍റെ വെടിക്കെട്ട്, ആസിഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം; വമ്പന്മാരായ മുംബൈയെ തകർത്ത് കേരളത്തിന്‍റെ കുതിപ്പ്


സഞ്ജു സാംസൺ

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ വമ്പന്മാർ അണിനിരന്ന മുംബൈക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ഇന്ത്യൻ ദേശീയ ടീമിന്‍റെ നായകനായ സൂര്യകുമാർ യാദവും അജിങ്ക്യ രഹാനെ, സർഫറാസ് ഖാൻ, ശിവം ദുബെ, ശാർദുൽ ഠാക്കൂർ തുടങ്ങിയ പ്രമുഖ താരങ്ങളുമായെത്തിയ മുംബൈക്കെതിരെ 15 റൺസിന്‍റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കേരളം ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തകർപ്പൻ ബാറ്റിങ് മികവിൽ 178 റൺസടിച്ചപ്പോൾ, മുംബൈ ബാറ്റിങ് നിര 163ന് പുറത്തായി. അഞ്ച് വിക്കറ്റുകൾ പിഴുത കെ.എം. ആസിഫാണ് മുംബൈ ബാറ്റർമാരെ വെള്ളംകുടിപ്പിച്ചത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കമ മുതൽ സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് മുംബൈ ബൗളർമാരറിഞ്ഞു. സ്കോർ 42ൽ നിൽക്കേ രോഹൻ കുന്നുമലിനെ (2) ഷംസ് മുലാനി ബൗൾഡാക്കി. ടീം സ്കോർ 50 പിന്നിട്ടതിനു പിന്നാലെ സഞ്ജുവും പുറത്തായി. 28 പന്തിൽ എട്ട് ഫോറും ഒരു സിക്സുമുൾപ്പെടെ 46 റൺസാണ് താരം അടിച്ചെടുത്തത്. വിഷ്ണു വിനോദ് 40 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. മുഹമ്മദ് അസ്ഹറുദ്ദീൻ (25 പന്തിൽ 32), ഷറഫുദ്ദീൻ (15 പന്തിൽ 35) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 178 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ ഓപണർ ആയുഷ് മാത്രെയുടെ (3) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ രഹാനെയും സർഫറാസും ചേർന്ന് 80 റൺസിന്‍റെ കൂട്ടുകെട്ടൊരുക്കിയതോടെ മത്സരം കൈവിട്ടെന്ന പ്രതീതി ഉയർന്നു. രഹാനെ 32ഉം സർഫറാസ് 52ഉം റൺസ് നേടി പുറത്തായി. പിന്നീടെത്തിയ സൂര്യകുമാർ (32) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കെ.എം. ആസിഫ് എറിഞ്ഞ 18-ാം ഓവറിൽ സായ് രാജ് പാട്ടിൽ, സൂര്യകുമാർ യാദവ്, ശാർദുൽ ഠാക്കൂർ എന്നിവർ വീണതോടെ കേരളം കളി തിരികെ പിടിച്ചു. ആസിഫ് അഞ്ച് വിക്കറ്റ് നേടിയപ്പോൾ വിഗ്നേഷ് പുത്തൂർ രണ്ട് വിക്കറ്റും സ്വന്തമാക്കി.

തോറ്റെങ്കിലും മുംബൈ തന്നെയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് ഒരു തോല്‍വി മാത്രമാണുള്ളത്. നാല് ജയങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഒന്നാമത്. രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശാണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ്. ഇത്രതന്നെ പോയന്‍റുള്ള കേരളം മൂന്നാമതാണ്. കേരളത്തിനും ആന്ധ്രയ്ക്കും ഒരു പോയിന്റാണാണെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആന്ധ്ര മുന്നിലെത്തി. +0.842 നെറ്റ് റണ്‍റേറ്റുണ്ട് ആന്ധ്രയ്ക്ക്. +0.837 കേരളത്തിനും. രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടിരുന്നു.

നാല് മത്സരം പൂര്‍ത്തിയാക്കിയ വിദര്‍ഭയാണ് നാലാം സ്ഥാനത്ത്. രണ്ട് വീതം ജയവും തോല്‍വിയുമുള്ള വിദര്‍ഭയ്ക്ക് എട്ട് പോയിന്റുണ്ട്. റെയില്‍വേസ് അഞ്ചാമതുണ്ട്. അവര്‍ക്കും എട്ട് പോയിന്റ്. രണ്ട് വീതം ജയവും തോല്‍വിയും. നാല് പോയിന്റ് വീതമുള്ള അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍.



© Madhyamam