തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്.
ടീമിന്‍റെ ഓൾ റൗണ്ട് പ്രകടനമാണ് സെമിയിൽ കൊല്ലത്തിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തൃശൂർ 17.1 ഓവറിൽ 86 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 9.5 ഓവറിൽ കൊല്ലം ലക്ഷ്യത്തിലെത്തി. തൃശൂർ ബാറ്റിങ് നിരക്ക് എല്ലാം പിഴച്ചൊരു ദിവസം. മറുവശത്ത് അവസരങ്ങളെല്ലാം മുതലാക്കി കൊല്ലം സെയിലേഴ്സും. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നിന്‍റെ അവിശ്വസനീയ തകർച്ചക്കായിരുന്നു സെമി ഫൈനൽ സാക്ഷ്യം വഹിച്ചത്.
ആദ്യ വിക്കറ്റ് തന്നെ ഭാഗ്യം തൃശൂരിനൊപ്പമല്ലെന്ന സൂചന നൽകി. അഹ്മദ് ഇമ്രാന്‍റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത്, ദേഹത്ത് തട്ടിയുരുണ്ട് നീങ്ങി സ്റ്റമ്പിലേക്ക്. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാന്‍റെ മടക്കം. അടുത്തത് ക്യാപ്റ്റൻ ഷോൺ റോജറുടെ ഊഴമായിരുന്നു. ഒരു ബൗണ്ടറിയോടെ തുടക്കമിട്ട ഷോൺ റോജറെ എ.ജി. അമലാണ് പുറത്താക്കിയത്. നിലയുറപ്പിച്ചെന്ന് തോന്നിച്ച ആനന്ദ് കൃഷ്ണനും ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താകുമ്പോൾ തൃശൂരിന്‍റെ തകർച്ചയുടെ തുടക്കമായി.
കരുത്തന്മാരടങ്ങുന്ന തൃശൂരിന്‍റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്. ആനന്ദ് കൃഷ്ണനും ( 28 പന്തിൽ 23 റൺസ്) അഹ്മദ് ഇമ്രാനും ( 10 പന്തിൽ 13) മാത്രമാണ് രണ്ടക്കം കടന്നത്. നായകൻ ഷോൺ റോജർ (എട്ടു പന്തിൽ ഏഴ്), അക്ഷയ് മനോഹർ (11 പന്തിൽ ആറ്), അജു പൗലോസ് (എട്ടു പന്തിൽ അഞ്ച്), സിബിൻ ഗിരീഷ് (ഏഴു പന്തിൽ ആറ്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
എ.കെ. അർജുൻ (10 പന്തിൽ ആറ്), വരുൻ നായർ (ആറു പന്തിൽ നാല്), കെ. അജ്നാസ് (അഞ്ചു പന്തിൽ എട്ട്), സി.വി. വിനോദ് കുമാർ (ഒമ്പത് പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കൊല്ലത്തിന്‍റെ ബൗളർമാർ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡിങ്ങുമായി ടീമൊന്നാകെ പിന്തുണ നൽകി. പവൻ രാജ്, എ.ജി. അമൽ, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തെ ഒരു ഘട്ടത്തിലും സമ്മർദത്തിലാക്കാൻ തൃശൂരിന്‍റെ ബൗളിങ് നിരക്കായില്ല. കരുതലോടെ തുടങ്ങിയ കൊല്ലത്തിന്‍റെ ഓപ്പണർമാർ പിന്നീട് മികച്ച ഷോട്ടുകളിലൂടെ അനായാസം റണ്ണുയർത്തി. ഭരത് സൂര്യ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ മറുവശത്ത് അഭിഷേക് ജെ. നായർ മികച്ച പിന്തുണ നൽകി. 31 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 56 റൺസായിരുന്നു ഭരത് സൂര്യ നേടിയത്. അഭിഷേക് 28 പന്തുകളിൽ നിന്ന് 32 റൺസും നേടി. രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും.