
ന്യൂഡൽഹി: ജീവിതത്തിൽ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കേണ്ട കൂട്ടുകാരി, എല്ലാം തകർന്നിരിക്കുമ്പോൾ അവൾക് കുട്ടായിരിക്കാൻ കരിയറിലെ പ്രധാനപ്പെട്ട ടുർണമെന്റും ഉപേക്ഷിച്ച് കൂട്ടിരിക്കുകയാണ് ഇവിടെയൊരു താരം. നിശ്ചയിച്ചുറപ്പിച്ച വിവാഹ ദിനത്തിൽ പിതാവ് ആശുപത്രിയിലാവുകയും, തൊട്ടുപിന്നാലെ വിവാഹ ചടങ്ങുകൾ മാറ്റിവെക്കുകയും, പ്രതിശ്രുത വരൻ അസുഖബാധിതനായി ആശുപത്രിലാവുകയും ചെയ്ത് ജീവിതത്തിലെ ഏറ്റവും ദുർഘടമായൊരു നിമിഷത്തിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചാമ്പ്യൻ താരം സ്മൃതി മന്ദാന.
വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിനു പിന്നാലെ, ഉറപ്പിച്ച താരവിവാഹം ആരാധകരും മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷപൂർവം തുടരുന്നതിനിടെയാണ് നവംബർ 23ന് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു, ലോകകപ്പ് ഫൈനൽ നടന്ന ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മോതിരം കൈമാറി പ്രൊപ്പോസൽ നിർവഹിച്ചുമെല്ലാം ആഘോഷ പൂർവം നടന്ന ചടങ്ങുകൾക്കു പിന്നാലെയായിരുന്നു വിവാഹം മാറ്റിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. പിതാവിന്റെയും പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന്റെയും ആശുപത്രി വാർത്തകൾക്കു പിന്നാലെ, വിവാഹം മുടങ്ങിയത് സംബന്ധിച്ച് വിവിധ വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു.
ഈ ഘട്ടത്തിലാണ് ഇന്ത്യൻ ടീമിലെ സഹതാരവും സ്മൃതിയുടെ ഉറ്റ സുഹൃത്തുമായ ജമീമ റോഡ്രിഗസ് ആസ്ട്രേലിയയിൽ ആരംഭിച്ച വനിതാ ബിഗ് ബാഷ് ലീഗും റദ്ദാക്കി മുംബൈയിൽ സ്മൃതിക്ക് കൂട്ടായി തുടരുന്നത്. നവംബർ ഒമ്പതിന് ആരംഭിച്ച ഡബ്ല്യൂ.ബി.ബി.എൽ സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ പ്രധാന താരമായ ജമീമ റോഡ്രിഗസും കളിച്ചിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച മുംബൈയിൽ പറന്നെത്തിയ ഇവർ, വിവാഹ ദിനത്തിൽ കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞതോടെ ആസ്ട്രേലിയയിലേക്കുള്ള മടക്കം നീട്ടിവെച്ചു. ദുർഘട നിമിഷത്തിൽ മാനസികമായി തളർന്ന കൂട്ടുകാരിക്ക് പിന്തുണ നൽകുന്നതിനു വേണ്ടിയാണ് ജമീമ കരിയറിലെ പ്രധാന മത്സരവും റദ്ദാക്കി സൗഹൃദത്തിന്റെ അപാരമായ മാതൃക പ്രകടിപ്പിക്കുന്നത്.
സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും, ഇന്ത്യയിൽ തുടരാനുമുള്ള ജമീമയുടെ അപേക്ഷ അംഗീകരിച്ചതായി ടീമായ ബ്രിസ്ബേൻ ഹീറ്റ് അറിയിച്ചു.
നവംബർ 15ന് ബ്രിസ്ബെയ്നും ഹൊബാർട് ഹറികെയ്നും തമ്മിലെ മത്സരം കഴിഞ്ഞ ശേഷം ജെമീമ ഇന്ത്യയിലേക്ക് പോയതായും, വിവാഹം കഴിഞ്ഞ് ടീമിൽ തിരികെയെത്താനിരിക്കെ, സുഹൃത്തിന് പിന്തുണ നൽകാൻ താരം കൂടുതൽ സമയം ഇന്ത്യയിൽ ചിലവഴിക്കാൻ ചോദിച്ചതായും, അവസാന നാല് മത്സരങ്ങളിലും അവർ കളിക്കില്ലെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
ജമീമക്കും, സുഹൃത്ത് സ്മൃതി മന്ദാനക്കും കുടുംബത്തിനും ആശംസ നേരുന്നതായും ടീം അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യത്തിൽ നടന്ന താരലേലത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റ് ആദ്യം സ്വന്തമാക്കിയ വിദേശ താരമായിരുന്നു ജമീമ.
വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വിവാഹചടങ്ങുകൾ മാറ്റിവെച്ചത്. അതിനു ശേഷമാണ് പലാഷ് ആശുപത്രിയിലായത്.
കൊറിയോഗ്രഫർ കൂടിയായ മറ്റൊാരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പലാഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. സ്മൃതിയുമായുള്ള ബന്ധത്തെ പലാഷ് തള്ളിപ്പറയുന്നതും, ക്രിക്കറ്റ് താരവുമായി അടുത്ത ബന്ധമില്ലെന്നും മൂന്ന്-അഞ്ച് മാസത്തിൽ ഒരിക്കൽമാത്രമാണ് കാണുന്നതെന്നും സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ചോദ്യത്തിന് പലാഷ് മറുപടി നൽകുന്നു.
എന്നാൽ, പ്രചരിക്കുന്ന അഭ്യുഹങ്ങളിൽ കഴമ്പില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. മാനസിക സംഘർഷങ്ങൾ കാരണം പലാഷിന് ഹൃദയാഘാതമുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു.
