
ഹുബ്ലി: 67 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും അഞ്ച് ദിവസവും നീണ്ടുനിന്ന സമ്പൂർണ്ണ ആധിപത്യവും ഉറപ്പാക്കിയ ജമ്മു, കരുത്തരായ കർണാടകയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള പഴുതുകളടച്ചാണ് ചരിത്രവിജയം സ്വന്തമാക്കിയത്. അഞ്ചാം ദിനം മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഒന്നാം ഇന്നിങ്സിൽ നേടിയ കൂറ്റൻ ലീഡാണ് ജമ്മുവിന് തുണയായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സിൽ 584 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ശുഭം പുന്ദീറിന്റെ (121) സെഞ്ച്വറിയാണ് ജമ്മുവിന് കരുത്തായത്. ഇതിന് പുറമെ യാവർ ഹസ്സൻ (88), ക്യാപ്റ്റൻ പരസ് ദോഗ്ര (70), അബ്ദുൽ സമദ് (61), കനയ്യ വാധവൻ (70), സഹിൽ ലോത്ര (72) എന്നിവരുടെ അർദ്ധസെഞ്ച്വറികളും സ്കോർ ബോർഡിന് കരുത്തേകി.
വമ്പൻ ബാറ്റിംഗ് നിരയുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടകയെ ജമ്മു കശ്മീർ പേസർ ആഖിബ് നബിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകർത്തത്. 54 റൺസ് വഴങ്ങിയാണ് താരം 5 വിക്കറ്റ് വീഴ്ത്തിയത്. 266 പന്തിൽ 160 റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാൾ മാത്രമാണ് കർണാടക നിരയിൽ പൊരുതിയത്. കെ.എൽ. രാഹുൽ (13), ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കരുൺ നായർ (പൂജ്യം), രവിചന്ദ്ര സ്മരൺ (പൂജ്യം), ശ്രേയസ് ഗോപാൽ (27) തുടങ്ങി ദേശീയ ടീമിൽ കളിച്ച് പരിചയമുള്ള കർണാടകയുടെ വമ്പൻ താരങ്ങളെല്ലാം പെട്ടെന്ന് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയായി. കൃതിക് കൃഷ്ണ (36), വിദ്യാദർ പാട്ടീൽ (11), പ്രസിദ്ധ് കൃഷ്ണ (4) എന്നിവർക്കും തിളങ്ങാനായില്ല. 293 റൺസിന് കർണാടകയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചതോടെ ജമ്മുവിന് 291 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമായി.
കൂറ്റൻ ലീഡ് ഉണ്ടായിട്ടും കർണാടകയെ ഫോളോ ഓണിന് അയക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീർ കളി പൂർണ്ണമായും തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. യാവർ ഹസ്സൻ (1), ശുഭം പുംദീർ (4), പരസ് ദോഗ്ര (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും ഖമ്രാൻ ഇഖ്ബാലിന്റെയും സഹിൽ ലോത്രയുടെയും സെഞ്ച്വറികൾ ടീമിനെ മുന്നോട്ട് നയിച്ചു. കർണാടകൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച ഇരുവരും അഞ്ചാം വിക്കറ്റിൽ പുറത്താവാതെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കർണാടകയുടെ നേരിയ പ്രതീക്ഷകൾ പോലും അസ്തമിച്ചു. ഒടുവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് എന്ന നിലയിൽ ജമ്മു ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ മത്സരം സമനിലയിലാവുകയും, ഒന്നാമിന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ചരിത്രത്തിലാദ്യമായി രഞ്ജി ചാമ്പ്യന്മാരാവുകയും ചെയ്തു.
