‘അയാളുടെ പേരാണോ പ്രശ്നം?’; സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലെടുക്കാത്തതിനെതിരെ ​കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്



ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംഫോമിൽ കളിച്ചിട്ടും മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിവാദമായിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 117.46 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ ബാറ്റുവീശുന്ന സർഫറാസിനെ ഒഴിവാക്കിയതിൽ വ്യക്തമായ വിശദീകരണം അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തിൽ പത്ത് സെഞ്ച്വറികളും അഞ്ചു അർധശതകങ്ങളുമടക്കം 2467 റൺസാണ് സർഫറാസ് അടിച്ചെടുത്തത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കും സർഫറാസിനെ പരിഗണിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ചതുർദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിൽനിന്ന് സർഫറാസിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. സമൂഹ മാധ്യമമായ എക്സിൽ ഇതുസംബന്ധിച്ച് ഷമ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

‘സർഫറാസ് ഖാൻ സെലക്ട് ചെയ്യപ്പെടാതിരുന്നത് അയാളുടെ പേര് അതായതു കൊണ്ടാണോ? ചുമ്മാ ചോദിക്കുകയാണ്. ഗൗതം ഗംഭീർ ഇക്കാര്യത്തിൽ എവിടെയാണ് നിൽക്കുന്നതെന്ന് നമുക്കറിയാം’- ഷമ കുറിച്ചു. ബി.ജെ.പി എം.പിയായിരുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീം കോച്ച് ഗംഭീറിനെ ഉന്നമിട്ടുകൂടിയായിരുന്നു ഷമയുടെ പോസ്റ്റ്.

ഷെഹ്സാദ് പൂനാവാലെയും മുഹ്സിൻ റാസയും അടക്കമുള്ള ബി.ജെ.പിയിലെ മുസ്‍ലിം നേതാക്കളാണ് ഷമക്കെതിരെ അഭിപ്രായപ്രകടനവുമായി രംഗത്തുവന്നത്. സ്​പോർട്സിനെ സാമുദായികവത്കരിക്കരുതെന്ന് മുൻ യു.പി മന്ത്രിയായ റാസ പറഞ്ഞു. എന്നാൽ, സർഫറാസിനെ ഒഴിവാക്കിയതിനെ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ​പ്രേമികൾ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്.

ഇ​ന്ത്യ ‘എ’​യെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്താണ് ന​യി​ക്കുക. പരമ്പരയിലെ ആദ്യമത്സരം ഒക്ടോബർ 30 മുതൽ ബംഗളൂരുവിൽ നടക്കും. രണ്ടാം മത്സരം അതേ ഗ്രൗണ്ടിൽ നവംബർ ആറിന് തുടങ്ങും. രണ്ടു മത്സരങ്ങൾക്കും വെവ്വേറെ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ആദ്യ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം

ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ആയുഷ് മാത്രെ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ, ഹർഷ് ദുബെ, തനുഷ് കോട്ടിയൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സാരാംശ് ജെയിൻ.

രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം

ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കോട്ടിയൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർണുർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാഷ് ദീപ്.



© Madhyamam