
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ള ഐ.പി.എൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലപ്പുവിന്റെ കൈകളിലെത്തിയതിനെച്ചൊല്ലി വിവാദം. ഏപ്രിൽ 18ന് നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ രണ്ട് വി.ഐ.പി ടിക്കറ്റുകളുടെ ചിത്രം കുഷിത സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. 40,000 രൂപ വിലമതിക്കുന്ന ‘സൺറൈസേഴ്സ് എലൈറ്റ് ലോഞ്ച്’ ടിക്കറ്റുകളായിരുന്നു ഇവ. ടിക്കറ്റുകളിൽ ‘തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റുകൾ എങ്ങനെ ഒരു സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയായും അവർ ചൂണ്ടിക്കാട്ടി. വിവാദമായതോടെ കുഷിത പോസ്റ്റ് നീക്കം ചെയ്തു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സൺറൈസേഴ്സ് ടീം മാനേജ്മെന്റും തമ്മിൽ ടിക്കറ്റുകളെച്ചൊല്ലി നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. കൂടുതൽ സൗജന്യ ടിക്കറ്റുകൾക്കായി എച്ച്.സി.എ ഉദ്യോഗസ്ഥർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി സൺറൈസേഴ്സ് പരാതിപ്പെടുകയുണ്ടായി. ടിക്കറ്റുകൾക്കായി ടീമിനെ സമ്മർദത്തിലാക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രേവന്ത് റെഡ്ഡി സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
