അഹമദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. സന്ദർശകരെ 162 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തിട്ടുണ്ട്. 41 റൺസ് മാത്രം പുറകിൽ.
അർധ സെഞ്ച്വറിയുമായി കെ.എൽ. രാഹുലും (114 പന്തിൽ 53) നായകൻ ശുഭ്മൻ ഗില്ലുമാണ് (42 പന്തിൽ 18) ക്രീസിൽ. ഓപ്പണർ യശസ്വി ജയ്സ്വാൾ (54 പന്തിൽ 36), സായി സുദർശൻ (19 പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഓപ്പണർമാരായ ജയ്സ്വാളും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 68 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്. ജയ്ഡൻ സീൽസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് നൽകിയാണ് ജയ്സ്വാൾ പുറത്തായത്.
സായ് സുദർശനെ റോസ്റ്റൻ ചേസ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഇന്ത്യൻ പേസ് അറ്റാക്കിനു മുന്നിൽ തകർന്നടിഞ്ഞു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് സന്ദർശകരെ തരിപ്പണമാക്കിയത്. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ജോൺ കാംപെൽ (8), ചന്ദ്രപോൾ (0), അലിക് അതനാസെ (12), ബ്രണ്ടൻ കിങ്(13), ക്യാപ്റ്റൻ റോസ്റ്റൻ ചേസ് (24), ഷായ് ഹോപ് (26), കാരി പിയേര (11), ജോമൽ വാരിക്കൻ (8), ജോഹൻ ലയിൻ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
14 ഓവറിൽ മൂന്നു മെയ്ഡനടക്കം 40 റൺസ് വഴങ്ങിയാണ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തിയത്. ബുംറ 14 ഓവറിൽ 42 റൺസ് വിട്ടുകൊടുത്തു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് രണ്ടും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.