നമീബിയ 116ന് പുറത്ത്; ഇന്ത്യക്ക് റെക്കോഡ് ജയം, പാകിസ്താനെ പിന്നിലാക്കി ഗ്രൂപ്പിൽ ഒന്നാമത്



ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെയും കീഴടക്കി ഇന്ത്യയുടെ മുന്നേറ്റം. 210 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആഫ്രിക്കൻ ടീം 116 റൺസിന് ഓൾഔട്ടായി. 29 റൺസ് നേടിയ ഓപണർ ലോറൻ സ്റ്റീൻകാമ്പാണ് അവരുടെ ടോപ് സ്കോറർ. 93 റൺസിനാണ് ഇന്ത്യയുടെ വിജയം. റൺ അടിസ്ഥാനത്തിൽ ട്വന്‍റി220 ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. ഓൾറൗണ്ട് പ്രകടനവുമായി കളംനിറഞ്ഞ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപി. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എയിൽ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 209, നമീബിയ – 18.2 ഓവറിൽ 116ന് പുറത്ത്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ തുടക്കത്തിൽ ശ്രദ്ധയോടെയാണ് കളിച്ചത്. പവർപ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 58 റൺസാണ് അവർ നേടിയത്. ആറാം ഓവറിൽ ടീം സ്കോർ 50 കടത്തിയെങ്കിലും അടുത്ത 50 റൺസ് നേടാൻ എട്ടോവർ വേണ്ടിവന്നു. സ്കോർ ബോഡിൽ മൂന്നക്കം തികയും മുമ്പ് ആറ് വിക്കറ്റുകൾ വീണു. അഞ്ച് റൺസിന്‍റെ ഇടവേളയിൽ അവസാന നാല് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തിയ നമീബിയ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ടോവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റ് പിഴുതു. നേരത്തെ അർധ സെഞ്ച്വറി നേടിയ ഹാർദി പാണ്ഡ്യ രണ്ട് വിക്കറ്റുകൾ നേടി ബൗളിങ്ങിലും മികവ് കാട്ടി.

ഇഷാനും ഹാർദിക്കിനും അർധ സെഞ്ച്വറി

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് ഓപണർ ഇഷാൻ കിഷന്‍റെയും മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് കരുത്തായത്. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 209 റൺസ് നേടിയത്. നമീബിയക്കായി ജെറാർഡ് ഇറാസ്മസ് നാലോവറിൽ 20 റൺമാത്രം വിട്ടുനൽകി നാല് വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇഷാൻ കിഷനൊപ്പം ഓപണിങ് റോളിലെത്തിയ സഞ്ജു സാംസൺ ടീമിന് ഗംഭീര തുടക്കം സമ്മാനിച്ചാണ് മടങ്ങിയത്. എട്ടു പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസ് നേടിയാണ് പുറത്തായത്. പിന്നാലെയിറങ്ങിയ തിലക് വർമയെ കൂട്ടുപിടിച്ച് ഇഷാൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. ടീം സ്കോർ 100 കടത്തിയാണ് താരം പുറത്തായത്. 24 പന്തിൽ ആറ് ഫോറും അഞ്ച് സിക്സുമുൾപ്പെടെ 61 റൺസാണ് ഇഷാന്‍റെ ബാറ്റിൽനിന്ന് പിറന്നത്.

ക്യാപ്റ്റൻ സൂര്യകുമാറിന് 13 പന്തിൽ 12 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. പതിവിന് വിപരീതമായി പതിയെ കളിച്ച തിലക് വർമ 21 പന്തിൽ 25 റൺസുമായി മടങ്ങി. തുടക്കത്തിൽ പതിയെ കളിച്ച ഹാർദിക് പാണ്ഡ്യ പിന്നീട് സ്കോറിങ് ടോപ് ഗിയറിലാക്കി. 28 പന്തിൽ 52 റൺസ് നേടിയ താരം 19-ാം ഓവറിലാണ് പുറത്തായത്. നാലുവീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഇതേ ഓവറിൽ ശിവം ദുബെയും അക്സർ പട്ടേലും പുറത്തായത് ഇന്ത്യക്ക് ക്ഷീണമായി.

ദുബെ (16 പന്തിൽ 23) അനാവശ്യ റണ്ണിന് ശ്രമിച്ച് പുറത്തായപ്പോൾ, അക്സർ പട്ടേൽ (0) ബൗൾഡാകുകയായിരുന്നു. അവസാന ഓവറിൽ റിങ്കു സിങ് (1), അർഷ്ദീപ് സിങ് (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വരുൺ ചക്രവർത്തി (1) പുറത്താകാതെനിന്നു.



© Madhyamam