
ലഖ്നോ: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നായകൻ ശുഭ്മൻ ഗില്ലിന്‍റെയും (110 പന്തിൽ 154) വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെയും (79 പന്തിൽ 125) തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്തു.
ലഖ്‌നോ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ടാം ഓവറിൽതന്നെ ഓപ്പണർ യശസ്വി ജയസ്വാളിനെ (ഒമ്പത് പന്തിൽ നാല്) ഇന്ത്യക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും ഗില്ലും ചേർന്ന് ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയി. അർധ സെഞ്ച്വറിക്കു രണ്ട് റൺസ് അകലെ രോഹിത്തിനെ (39 പന്തിൽ 48) റാഷിദ് ഖാൻ ക്ലീൻ ബൗൾഡാക്കി. ഇന്ത്യ 13.1 ഓവറിൽ 96 റൺസ്. പിന്നാലെ ഗില്ലും ഇഷാനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ 140 പന്തിൽ 224 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. രണ്ടു സിക്സും 22 ഫോറുമടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിങ്സ്.
താരത്തിന്‍റെ ഏകദിന കരിയറിലെ ഒമ്പതാമത്തെ സെഞ്ച്വറിയാണിത്. ഏകദിനത്തിൽ അതിവേഗം 3000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഗിൽ സ്വന്തമാക്കി. കരിയറിലെ 62ാം ഇന്നിങ്സിലാണ് താരം ഈ നേട്ടത്തിലെത്തിയത്. 72 ഇന്നിങ്സിൽ 3000 റൺസിലെത്തിയ ശിഖർ ധാവൻ, ശ്രേയസ് അയ്യർ എന്നിവരെയാണ് താരം മറികടന്നത്. ഏഴു സിക്സും 14 ഫോറുമടങ്ങുന്നതാണ് ഇഷാന്‍റെ ബാറ്റിങ്. നങ്കേയാലിയ ഖരോട്ടെ എറിഞ്ഞ 36ാം ഓവറിലെ മൂന്നാം പന്തിൽ ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 320ൽ എത്തിയിരുന്നു. 150 തികച്ചതിനു പിന്നാലെ ഗില്ലിനെയും നങ്കേയാലിയ ഖരോട്ടെ മടക്കി. ശ്രേയസ് അയ്യർ 24 പന്തിൽ 26 റൺസെടുത്തു. കെ.എൽ. രാഹുൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. വാഷിങ്ടൺ സുന്ദർ (19 പന്തിൽ 19), ഗുർണൂർ ബ്രാർ (ഏഴു പന്തിൽ മൂന്ന്), അർഷ്ദീപ് സിങ് (നാലു പന്തിൽ മൂന്ന്), പ്രിൻസ് യാദവ് (അഞ്ചു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെ നിന്നു.
അഫ്ഗാനുവേണ്ടി നങ്കേയാലിയ ഖരോട്ടെ 10 ഓവറിൽ 76 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. റാഷിദ് ഖാൻ എട്ട് ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽനിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ് എന്നിവരും പ്ലെയിങ് ഇലവനിലെത്തി. ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് പുറത്തായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
Shubman Gill
