ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ



മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആറ് പോയിന്‍റാണുള്ളത്. തൊട്ടുപിന്നിൽ നാലുവീതം പോയിന്‍റുമായി ന്യൂസിലൻഡും ശ്രീലങ്കയും. ലീഗ് റൗണ്ടിൽ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെയും അതേദിവസം തന്നെ കിവീസ് ലങ്കയെയും നേരിടും.

അവസാന ലീഗ് മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കിൽ പോലും സെമി സ്പോട്ടിന് ഇളക്കം തട്ടില്ല. നെറ്റ് റൺറേറ്റിലെ മുൻതൂക്കമാണ് ഇന്ത്യയുടെ കരുത്ത്. ബാ​റ്റി​ങ് മ​റ​ന്ന ക​ഴി​ഞ്ഞ ക​ളി​ക​ളി​ലെ ക്ഷീ​ണം തീ​ർ​ത്ത് പ്ര​തി​ക റാ​വ​ലും സ്മൃ​തി മ​ന്ദാ​ന​യും ഉ​ജ്വ​ല സെ​ഞ്ച്വ​റി​ക​ളു​മാ​യി ആ​ഘോ​ഷ​മാ​ക്കി​യപ്പോൾ വ്യാഴാഴ്ച ഇന്ത്യ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് അടിച്ചുകൂട്ടി. മഴ ഏ​റെനേ​രം ക​വ​ർ​ന്നപ്പോൾ കീവീസ് ലക്ഷ്യം 44 ഓവറിൽ 325 റൺസായി ചുരുക്കി. എന്നാൽ, നിശ്ചിത ഓവറിൽ എട്ടുവിക്കറ്റിന് 271 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.

ന​വി മും​ബൈ മൈ​താ​ന​ത്ത് ഉ​ഗ്ര​രൂ​പം പൂ​ണ്ടാ​ണ് ഇന്ത്യൻ ഓ​പ​ണ​ർ​മാ​ർ ബാ​റ്റി​ങ് ന​യി​ച്ച​ത്. പ്രതിക റാവൽ 134 പന്തിൽ 122ഉം സ്മൃതി മന്ദാന 95 പന്തിൽ 109 റൺസും എടുത്തു. ജെമീമ റോഡ്രിഗസ് 55 പന്തിൽ 76 റൺസെടുത്ത് പുറത്താകാതെ നിന്നു. ന്യൂസിലൻഡ് നിരയിൽ 84 പന്തിൽ 81 റൺസെടുത്ത ബ്രൂക് ഹാലിഡേ, 51 പന്തിൽ പുറത്താകാതെ 65 റൺസെടുത്ത ഇസ്സി ഗാസെ, 53 പന്തിൽ 45 റൺസെടുത്ത അമേലിയ കെർ, 25 പന്തിൽ 30 റൺസെടുത്ത ജോർജിയ പ്ലിമ്മർ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

റെക്കോഡിട്ട് മന്ദാന

മത്സരത്തിൽ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഒരു ലോക റെക്കോഡും സ്വന്തമാക്കി. വനിത ഏകദിനത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിസ്കുകൾ നേടുന്ന താരമെന്ന നേട്ടമാണ് മന്ദാന കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ റെക്കോഡാണ് (28 സിക്സുകൾ) താരം മറികടന്നത്. മത്സരത്തിൽ രണ്ടാം സിക്സ് നേടിയതോടെയാണ് മന്ദാന ചരിത്രം കുറിച്ചത്. ഈ വർഷം ഇതുവരെ 30 സിക്സുകളാണ് താരം നേടിയത്. 95 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം 109 റൺസെടുത്താണ് മന്ദാന പുറത്തായത്. 88 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്.

വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ മന്ദാന രണ്ടാമതെത്തി. താരത്തിന്‍റെ ഏകദിന കരിയറിലെ 14ാം സെഞ്ച്വറിയാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പിറന്നത്. 15 സെഞ്ച്വറികൾ നേടിയ മുൻ ആസ്ട്രേലിയൻ താരം മെഗ് ലാന്നിങ്ങാണ് ഒന്നാമത്. ഈ വർഷം മന്ദാന നേടുന്ന അഞ്ചാം സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 17 സെഞ്ച്വറികളുമായി മെഗ് ലാന്നിങ്ങിന്‍റെ റെക്കോഡിനൊപ്പമാണ് താരമിപ്പോൾ.



© Madhyamam