കാത്തിരിപ്പിന്‍റെ പുഴ, വിജയത്തിന്‍റെ കടൽ – ഹീറോയായി സഞ്ജു സാംസൺ



നിഴലുകളിൽ തളച്ചിടപ്പെട്ട നാളുകൾ, പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ, പക്ഷേ, സഞ്ജു സാംസൺ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കാൻ തയാറെടുക്കുന്നതിന്റെ നിശബ്ദതയായിരുന്നു. തഴയപ്പെടുമ്പോഴും, പുറത്താക്കപ്പെടുമ്പോഴും തളരാത്ത മനസ്സ് അവൻ കാത്തുവെച്ചു. മൈതാനത്തിന് പുറത്ത് ഉയർന്നു കേട്ട പരിഹാസങ്ങൾക്കും സംശയങ്ങക്കും അവൻ മറുപടി നൽകിയത് വാക്കുകൾ കൊണ്ടല്ല, ബാറ്റുകൊണ്ട് മാത്രം. ഓരോ തവണയും അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, അവൻ കൂടുതൽ കരുത്തോടെ പന്ത് നേരിടാൻ പരിശീലിച്ചു. കഠിനാധ്വാനത്തിന്റെ വിയർപ്പുകണങ്ങൾ ഒപ്പിയെടുത്ത് അവൻ തന്നിലെ മാന്ത്രികനെ സ്ഫുടം ചെയ്തെടുത്തു. ഒരു പുഴ ഒഴുക്ക് നിർത്താത്തതുപോലെ, അവനും തന്റെ പരിശീലനം തുടർന്നു. അവസരം കിട്ടാത്ത നാളുകളിൽ അവൻ മൗനത്തിന്റെ കൂട്ടുപിടിച്ചു. കിട്ടിയ ചെറിയ അവസരങ്ങളെ വലിയ വിജയങ്ങളാക്കി മാറ്റി. അവന് നഷ്ടപ്പെട്ട സമയം ഒരു നഷ്ടമായിരുന്നില്ല, അത് കരുത്തുണ്ടാക്കാനുള്ള തപസ്സായിരുന്നു.

ഒടുവിൽ, കാലം അവന് വഴിമാറി നൽകി. അർഹതപ്പെട്ട അംഗീകാരം തേടി വന്നപ്പോൾ, സഞ്ജു അത് സ്വീകരിച്ചത് ഒരു രാജാവിനെപ്പോലെയായിരുന്നു. എതിരാളികളുടെ പന്തുകളെ അതിർത്തി കടത്തുമ്പോൾ, അത് വെറും ബൗണ്ടറികളായിരുന്നില്ല, താൻ അനുഭവിച്ച വേദനകൾക്കും കാത്തിരിപ്പുകൾക്കും അവൻ നൽകിയ മധുരപ്രതികാരമായിരുന്നു. ഇന്ന് സഞ്ജുവിന്റെ ബാറ്റിംഗിൽ കാണുന്ന ആത്മവിശ്വാസത്തിന് പിന്നിൽ വർഷങ്ങളുടെ കാത്തിരിപ്പും കണ്ണീരും വിയർപ്പുമുണ്ട്. തോൽവികളിൽ പതറാതെ, വിജയത്തിനായി ദാഹിച്ചവന്റെ ഉൾകരുത്താണ് സഞ്ജുവിന്‍റെ ഓരോ ഇന്നിങ്സിലും തെളിയുന്നത്.

ലോകകപ്പിന്റെ ആ വലിയ വേദിയിൽ അവനൊരു അത്ഭുതമായി മാറി. ഫൈനലിൽ ബാറ്റു വീശുമ്പോൾ അതൊരു കായികതാരത്തിന്റെ ആവേശം മാത്രമല്ലായിരുന്നു. വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണമായിരുന്നു. ബൗണ്ടറികളിലേക്ക് പന്ത് പറക്കുമ്പോൾ, അത് ഓരോ മലയാളിയുടെയും അഭിമാനത്തിന്റെ കൂടി ശബ്ദമായിരുന്നു. ഫൈനലിൽ ഉൾപ്പെടെ ടൂർണമെന്‍റിൽ തുടർച്ചയായ മൂന്ന് അർധ സെഞ്ച്വറിയാണ് താരം തന്‍റെ പേരിൽ കുറിച്ചത്. ഈ ലോകകപ്പിൽ മാത്രം 24 സിക്സുകളും നേടി. ട്വന്‍റി20 ലോകകപ്പിന്‍റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ സഞ്ജു തന്‍റെ പേരിലാക്കി. 20 സിക്സുകൾ നേടിയ ന്യൂസിലൻഡിന്‍റെ ഫിൻ അലനെയാണ് താരം മറികടന്നത്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും സഞ്ജുവിന്‍റെ പേരിലായി. 2016 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കും പാകിസ്താന്‍റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ച്വറി നേടുന്ന താരമായി സഞ്ജു മാറി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കോഹ്ലി നേടിയ 77 റൺസും താരം മറികടന്നു. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. 97 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി: 80.25, സ്ട്രൈക്ക് റേറ്റ്: 199.37 ഇതിൽപരം അ‍യാളിനി എന്താണ് തെളിയിക്കേണ്ടത്.

ഒരു പുഴ പാറക്കെട്ടിനെ അലിയിച്ചു കളയുന്നത് പോലെ, തന്റെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് സഞ്ജു ഇന്ന് സംശയങ്ങളുടെ എല്ലാ കോട്ടകളെയും തകർത്തിരിക്കുന്നു. പരാജയങ്ങളെ പടികളാക്കി, വിജയങ്ങളെ ലക്ഷ്യമാക്കിയുള്ള ഈ യാത്ര വിജയ തീരമണഞ്ഞിരിക്കുന്നു.



© Madhyamam