സഞ്ജു കളിക്കും; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 യിൽ ടോസ് നേടി ഇന്ത്യ



സതാംപ്ടൻ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് പകരമാണ് സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലെത്തിയത്. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്‌ഗെയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തുടർച്ചയായ ഏഴാം തവണയാണ് ശ്രേയസ് അയ്യർ ടോസ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിക്കുന്നത്.

പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കെ, അവസാന മത്സരത്തിൽ ജയിച്ച് മുഖം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചതൊഴിച്ചാൽ, ശേഷിച്ച മൂന്ന് മത്സരങ്ങളിലും ഏകപക്ഷീയമായ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അതേസമയം, ലോകചാംപ്യൻമാരായ ഇന്ത്യക്കെതിരെ സമ്പൂർണ പരമ്പര വിജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്ക് ഇതുവരെ മികച്ച തുടക്കം ലഭിച്ചിട്ടില്ല. ചുമതലയേറ്റ ശേഷം നയിച്ച ആദ്യ അഞ്ച് മത്സരങ്ങളിലും തോൽവി നേരിട്ടത് ടീമിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ 80 റൺസ് നേടി ശ്രേയസ് ബാറ്റിങ്ങിൽ ഫോം കണ്ടെത്തിയെങ്കിലും, ക്യാപ്റ്റൻസിയിലെ പോരായ്മകൾ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മറ്റു ബാറ്റർമാർക്ക് താളം കണ്ടെത്താൻ കഴിയാത്തതും, ബൗളിങ്ങിലെ കൃത്യതയില്ലായ്മയും ഇന്ത്യൻ ടീമിനെ അലട്ടുന്നു. അവസാന മത്സരത്തിലെങ്കിലും വിജയിച്ച് മടങ്ങാനാണ് ഇന്ത്യയുടെ ശ്രമമെങ്കിലും, കരുത്തുറ്റ ഇംഗ്ലണ്ട് നിരയെ മറികടക്കുക എന്നത് ശ്രേയസിനും സംഘത്തിനും കഠിനമായ വെല്ലുവിളിയാണ്.



© Madhyamam