
ധാക്ക: മഴമൂലം ഒരു പന്തുപോലും എറിയാതെ ഫൈനൽ ഉപേക്ഷിച്ചിട്ടും പാകിസ്താനെ ഏഷ്യാകപ്പ് ജേതാക്കളായി പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. പുരുഷന്മാരുടെ ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താന് കിരീടം നൽകിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ഭാവിയിൽ പാകിസ്താനെതിരായ മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സി.എ.ബി.ഐ) മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ബംഗ്ലാദേശിലെ ധാക്കയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാകിസ്താൻ ഫൈനലാണ് കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചത്. മത്സരത്തിൽ ഒരു പന്തുപോലും എറിയാനായിരുന്നില്ല. ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ, ടൂർണമെന്റിലെ മികച്ച നെറ്റ് റൺറേറ്റ് പരിഗണിച്ച് പാകിസ്താനെ ജേതാക്കളായും ഇന്ത്യയെ റണ്ണേഴ്സ് അപ്പായും പ്രഖ്യാപിക്കുകയായിരുന്നു.
തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സി.എ.ബി.ഐ ജനറൽ സെക്രട്ടറി ശൈലേന്ദ്ര രംഗത്തെത്തി. പ്രശ്നം പരിഹരിക്കുന്നതുവരെ പാകിസ്താനെതിരായ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.
‘ഒരു പന്തുപോലും കളിക്കാതെ പാകിസ്താൻ സ്വയം ജേതാക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. കളിക്കളത്തിൽ വിജയിക്കാൻ കഴിയാത്തപ്പോൾ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണ് അവർ ചെയ്യുന്നത്’ -ശൈലേന്ദ്ര ആരോപിച്ചു.
ഫൈനൽ മത്സരത്തിന്റെ വിജയിയെ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് ഘട്ടത്തിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന ടീമുകളെ കണ്ടെത്തുന്നതിനാണ് റൺറേറ്റ് ഉപയോഗിക്കുന്നത്. ഫൈനലിന് റിസർവ് ദിനം അനുവദിക്കണം. അതില്ലെങ്കിൽ മത്സരം സമനിലയായി കണക്കാക്കുകയോ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.
‘ഇത് ഒരു ക്രിക്കറ്റ് മത്സരത്തിലെ ജയപരാജയത്തിന്റെ മാത്രം പ്രശ്നമല്ല. കായികധാർമികത, സ്ഥാപനങ്ങളുടെ അധികാരം, സുതാര്യത, കളിയുടെ നിയമങ്ങളോടുള്ള ബഹുമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. മത്സരം നടക്കാത്ത സാഹചര്യം മുതലെടുത്ത് ഏതെങ്കിലും ടീമിനോ വ്യക്തിക്കോ ടൂർണമെന്റിലെ നിയമങ്ങൾ മാറ്റിയെഴുതാനും സ്വയം ജേതാക്കളായി പ്രഖ്യാപിക്കാനും അധികാരമില്ല’ -ശൈലേന്ദ്ര പ്രസ്താവനയിൽ വ്യക്തമാക്കി.
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ (ഡബ്ല്യു.ബി.സി.സി) ടെക്നിക്കൽ കമ്മിറ്റി ആദ്യം ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നതായും സി.എ.ബി.ഐ ആരോപിച്ചു. എന്നാൽ, ഡബ്ല്യു.ബി.സി.സി പ്രസിഡന്റും പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ സുൽത്താൻ ഷാ ഇടപെട്ട് തീരുമാനം അട്ടിമറിച്ചെന്നാണ് ഇന്ത്യൻ അസോസിയേഷന്റെ ആരോപണം. പാകിസ്താനെ മാത്രം ജേതാക്കളായി പ്രഖ്യാപിക്കാൻ മാച്ച് റഫറിക്കുമേൽ സമ്മർദം ചെലുത്തിയതായും സി.എ.ബി.ഐ ആരോപിച്ചു.
അതേസമയം, മഴമൂലം ഫൈനൽ ഉപേക്ഷിച്ചാൽ പോയന്റ് പട്ടികയിലെ സ്ഥാനവും നെറ്റ് റൺറേറ്റും ഇരുടീമുകളും തമ്മിലുള്ള മത്സരഫലവും പരിഗണിച്ച് വിജയിയെ തീരുമാനിക്കാമെന്ന വ്യവസ്ഥ നവംബർ ഏഴിന് ടീമുകൾക്ക് നൽകിയ ടൂർണമെന്റ് നിയമങ്ങളിലുണ്ടായിരുന്നുവെന്നാണ് പാകിസ്താനിൽനിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു വ്യവസ്ഥ തങ്ങൾക്ക് നൽകിയ നിയമങ്ങളിൽ വ്യക്തമാക്കിയിരുന്നില്ലെന്നും ക്യാപ്റ്റന്മാരുടെ യോഗത്തിൽ ചർച്ച ചെയ്തിരുന്നില്ലെന്നും ഇന്ത്യൻ ടീം അധികൃതർ പറയുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ ടി. ദുർഗാറാവുവും തീരുമാനത്തെ ചോദ്യം ചെയ്തു. മഴമൂലം ഫൈനൽ നടക്കാതെ വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുന്നതാണ് പതിവെന്നും റൺറേറ്റ് അടിസ്ഥാനമാക്കി പാകിസ്താനെ വിജയികളാക്കിയതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയ പാകിസ്താൻ എല്ലാ മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തിയത്. 2016ലെ ഏഷ്യാകപ്പ് കിരീടം ഇന്ത്യക്കായിരുന്നു.
