
ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള ഫിറ്റ്നസ് ടെസ്റ്റ് താരം പാസായെന്ന് ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസ് അറിയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ ഉപനായകനായി ഗിൽ കളിക്കുമെന്ന് ഉറപ്പായി. വരുന്ന ചൊവ്വാഴ്ചയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് തുടക്കമാകുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ച ഇന്ത്യൻ സ്ക്വാഡിൽ ഗില്ലിനെയും ഉൾപ്പെടുത്തിയിരുന്നു. ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ കളത്തിലിറക്കൂ എന്ന വ്യവസ്ഥയോടെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. കൊൽക്കത്ത ടെസ്റ്റിൽ റിവേഴ്സ് സ്വീപ് കളിക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിന് കഴുത്തിൽ പരിക്കേറ്റത്. ശേഷിച്ച ടെസ്റ്റ് മത്സരത്തിലും ഏകദിന പരമ്പരയും കളിക്കാൻ ഗില്ലിനായില്ല. താരത്തിന്‍റെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിച്ചത്.
സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്‍റി20 ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുംറയാണ് ബൗളിങ് നിരയെ നയിക്കുന്നത്. കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഇടംനേടിയപ്പോൾ, ഹാർദിക പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ഓൾറൗണ്ടർമാരുടെ സ്ലോട്ടിലുള്ളത്. പരിക്കിന്‍റെ പിടിയിലായിരുന്ന ഹാർദിക് ഇടവേളക്കു ശേഷമാണ് ടീമിലെത്തുന്നത്. ഈ മാസം ഒമ്പതിനാണ് പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ടീം ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.
