
ന്യൂഡൽഹി: താൻ ഫിറ്റായിരുന്നിട്ടും ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിഗണിച്ചില്ലെന്ന പേസർ മുഹമ്മദ് ഷമിയുടെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്ത്. താരം ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഗാർക്കർ പറഞ്ഞു. താൻ ഫിറ്റായതിനാലാണ് ബംഗാളിനു വേണ്ടി രഞ്ജിട്രോഫിയിൽ കളിക്കുന്നതെന്നും ഫിറ്റ്നസിനെ കുറിച്ചുള്ള അപ്ഡേഷൻ സെലക്ഷൻ പാനലിനെ അറിയിക്കേണ്ടത് തന്‍റെ ജോലിയല്ലെന്നുമായിരുന്നു ഷമി പറഞ്ഞത്.
“ഷമി എന്നോടാണ് ഇക്കാര്യം പറഞ്ഞതെങ്കിൽ എനിക്ക് മറുപടി നൽകാമായിരുന്നു. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ എന്ത് പറഞ്ഞെന്ന് എനിക്കറിയില്ല. പ്രതികരണം കണ്ടിരുന്നെങ്കിൽ ഫോണിൽ വിളിച്ചേനെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഷമിയുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ഇപ്പോൾ പറയുന്നില്ല. അദ്ദേഹം തീർച്ചയായും ഇന്ത്യക്കുവേണ്ടി നല്ല പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പുതന്നെ അദ്ദേഹം ഫിറ്റാണെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം ഫിറ്റായിരുന്നില്ല. ഇപ്പോൾ രഞ്ജി ട്രോഫിക്ക് തുടക്കമായതേയുള്ളൂ. ഒന്നുരണ്ട് മത്സരങ്ങൾ കഴിയുമ്പോഴേ അദ്ദേഹത്തിന് നന്നായി പന്തെറിയാൻ കഴിയുന്നുണ്ടോ എന്ന് വ്യക്തമാകൂ. നന്നായി ബൗൾ ചെയ്യുന്നുണ്ടെങ്കിൽ ഷമിയെപ്പോലെ മികച്ചൊരു താരത്തെ ടീമിൽ വേണ്ടെന്ന് പറയാൻ ആർക്കും സാധിക്കില്ല” -അഗാർക്കർ വ്യക്തമാക്കി.
നേരത്തെ, രഞ്ജി ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായാണ് ഷമി പ്രതികരിച്ചത്. “സെലക്ഷൻ എന്‍റെ കൈകളിലല്ല, നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കിൽ ബംഗാളിനു വേണ്ടി ഞാൻ കളിക്കാൻ ഇറങ്ങില്ലായിരുന്നു. ചതുർദിന മത്സരങ്ങൾ കളിക്കാമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാനാകും. ഇതേക്കുറിച്ച് സംസാരിച്ച് ഒരു വിവാദമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല. ഫിറ്റനസ് അപ്ഡേറ്റ് നൽകാനുള്ള ബാധ്യത എനിക്കില്ല. അതെന്‍റെ ജോലിയുമല്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി പരിശീലനം നേടുക, കളിക്കുക എന്നതാണ് എന്‍റെ ജോലി.
രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപനം നടത്തേണ്ടത്. ടീം ജയിക്കണം, അതിൽ നമ്മൾ സന്തോഷിക്കണം. എല്ലായ്പ്പോഴും അതുതന്നെയാണ് ഞാൻ പറയാറുള്ളത്. എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണം. നന്നായി കളിച്ചാൽ അതിന്‍റെ ഗുണമുണ്ടാകും. ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്താലും ഇല്ലെങ്കിലും എന്നെ ബാധിക്കില്ല. സെലക്ട് ചെയ്തില്ലെങ്കിൽ ബംഗാളിനു വേണ്ടി കളിക്കും. അതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. രഞ്ജി കളിക്കുന്നത് മോശം കാര്യമായി കാണുന്നുമില്ല” -ഷമി പറഞ്ഞു.
2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയുടെ ടോപ് വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിനായി. എന്നിട്ടും ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് പരിഗണിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു ശേഷം ടെസ്റ്റ് ടീമിലേക്കും താരത്തിന് വിളി വന്നിട്ടില്ല.
അതേസമയം ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമാകും. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിലുണ്ട്. ഇരുവരും മറ്റ് രണ്ട് ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി.
